പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ

മുംബൈ: നേതൃത്വവുമായി ഉള്ള അഭിപ്രായ ഭിന്നത രൂക്ഷമായതോടെ മഹാരാഷ്ട്രയിലെ ബിജെപി നേതാവ് പങ്കജ മുണ്ടെ രണ്ടുമാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. പാര്‍ട്ടിയില്‍ തന്നെ ഒതുക്കുകാന്‍ ശ്രമിക്കുകയാണെന്ന് പങ്കജ മുണ്ടെ പരസ്യമായി പ്രതികരിച്ചിരുന്നു. താന്‍ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന പ്രചാരണം നുണയാണ്. എന്നാല്‍ എന്‍സിപിയുടെ എന്‍ഡിഎ പ്രവേശനം പാര്‍ട്ടിക്കുള്ളില്‍ അസംതൃപ്തരുടെ എണ്ണം കൂട്ടിയിട്ടുണ്ടെന്നും പങ്കജ പറഞ്ഞു.

ബിജെപി ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നാണ് പങ്കജ മുണ്ടേ അവധിയെടുത്തിരിക്കുന്നത്. അതേസമയം എന്‍സിപി ബിജെപി സഖ്യത്തിനെതിരെ പാര്‍ട്ടിയില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. എന്‍സിപിക്കെതിരെ ഏറെക്കാലം പോരടിച്ച നേതാക്കള്‍ക്ക് ഈ സഖ്യം അത്ര എളുപ്പത്തില്‍ അംഗീകരിക്കാനാവില്ലെന്നാണ് ഫട്‌നാവിസ് പ്രതികരിച്ചത്. പങ്കജ മുണ്ടേയുടെ തിരിച്ച് വരവ് സംബന്ധിച്ച് ദേശീയ നേതൃത്വം വിശദമാക്കുമെന്നും ഫട്‌നാവിസ് പറഞ്ഞു. അതേസമയം പങ്കജ മുണ്ടേ കോണ്‍ഗ്രസിലേക്കെന്ന് വാര്‍ത്ത നല്‍കിയ ചാനലിനെതിരെ മാനഹാനിക്ക് പരാതി നല്‍കുമെന്ന് മുന്‍ കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടേയുടെ മകള്‍ കൂടിയായ പങ്കജ മുണ്ടേ പ്രതികരിച്ചു.

Top