കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്ര 27ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും

തിരുവനന്തപുരം: ബി.ജെ.പി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്ര 27ന് കാസര്‍ഗോഡ് നിന്നും ആരംഭിക്കും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ പദയാത്ര ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് മേല്‍പ്പറമ്പിലാണ് ആദ്യ ദിവസത്തെ യാത്രയുടെ സമാപനം.

രാവിലെ മധൂര്‍ ക്ഷേത്ര ദര്‍ശനത്തോടെയാണ് കെ.സുരേന്ദ്രന്റെ കാസര്‍ഗോഡ് ജില്ലയിലെ പരിപാടികള്‍ തുടങ്ങുക. രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനം നടക്കും. രാവിലെ 10.30 ന് കുമ്പളയില്‍ നടക്കുന്ന വിവിധ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുക്കും. 12 മണിക്ക് ജീവാസ് മാനസ ഓഡിറ്റോറിയത്തില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമം പരിപാടിയിലും അദ്ദേഹം സംസാരിക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലും പദയാത്ര കടന്നു പോകും.

ഫെബ്രുവരി മൂന്ന് മുതല്‍ ഏഴ് വരെ ആറ്റിങ്ങല്‍, പത്തനംതിട്ട, കൊല്ലം, മാവേലിക്കര മണ്ഡലങ്ങളിലാവും കേരളപദയാത്ര പര്യടനം നടത്തുക. കോട്ടയം, ആലപ്പുഴ, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ഒമ്പത്,10,12 തീയതികളില്‍ യാത്ര എത്തും. തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ കേരള പദയാത്ര ഉദ്ഘാടനം ചെയ്യും.

ഫെബ്രുവരി 14ന് ഇടുക്കിയിലും 15ന് ചാലക്കുടിയിലും പദയാത്ര നടക്കും. 19,20,21 തായതികളില്‍ മലപ്പുറം, കോഴിക്കോട്, ആലത്തൂര്‍ മണ്ഡലങ്ങളില്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന യാത്ര പര്യടനം നടത്തും. പൊന്നാനിയില്‍ 23നും എറണാകുളത്ത് 24നും തൃശ്ശൂരില്‍ 26നും നടക്കുന്ന കേരളപദയാത്ര 27ന് പാലക്കാട് സമാപിക്കും.

ഓരോ ദിവസവും വിവിധ കേന്ദ്രമന്ത്രിമാരും കേന്ദ്രനേതാക്കളും പദയാത്ര ഉദ്ഘാടനം ചെയ്യും. ഓരോ മണ്ഡലത്തിലും ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും സംഘടിപ്പിക്കും. ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും 25,000ത്തോളം പേര്‍ നടക്കുന്ന യാത്രയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചവരും ഉണ്ടാകും.

രാവിലെ വിവിധ മത-സാമുദായിക നേതാക്കളുമായുള്ള സ്‌നേഹ സംഗമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളില്‍ അംഗങ്ങളായവരുടെ ഗുണഭോക്തൃ സംഗമങ്ങളും നടക്കും. അതോടൊപ്പം വിവിധ മണ്ഡലങ്ങളിലെ വികസന പ്രശ്‌നങ്ങളും പ്രതീക്ഷകളും ചര്‍ച്ച ചെയ്യുന്ന വികസന സെമിനാറുകളും നടക്കും. പദയാത്രയുടെ എല്ലാ ദിവസവും രാവിലെ ഒമ്പതിന് യാത്രാ ക്യാപ്റ്റന്റെ വാര്‍ത്താസമ്മേളനങ്ങളുണ്ടായിരിക്കും. ഉച്ചക്ക് ശേഷം നടക്കുന്ന പദയാത്രയില്‍ ഓരോ മണ്ഡലങ്ങളില്‍ നിന്നും 1000 പേര്‍ പുതുതായി ബി.ജെ.പിയിലും എന്‍.ഡി.എയിലും ചേരും.

കേന്ദ്രസര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികളില്‍ അംഗമാവാനുള്ള അവസരം കേരള പദയാത്രയില്‍ ഒരുക്കും. അതിന് വേണ്ടി പ്രത്യേകം സജ്ജമാക്കിയ ഹെല്‍പ്പ് ഡെസ്‌ക്കുകളുണ്ടാവും. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിശ്ചലദൃശ്യങ്ങളും പദയാത്രയില്‍ പ്രദര്‍ശിപ്പിക്കും. എന്‍.ഡി.എയുടെ വികസന രേഖയും പദയാത്രയില്‍ പ്രകാശിപ്പിക്കും.

Top