bjp national president amit sha visited bengal

മത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ആക്രമണത്തില്‍ നിന്നും രക്ഷതേടി ബിജെപി- ആര്‍ എസ് എസ് ഓഫീസുകളില്‍ അഭയം പ്രാപിക്കുന്ന ഇടത് അനുഭാവികളെ മുന്‍നിര്‍ത്തി ബംഗാളില്‍ കരുത്തുകാട്ടാനൊരുങ്ങുന്ന ബിജെപി, സിപിഎം ശക്തികേന്ദ്രങ്ങള്‍ക്ക് പിന്നാലെ നക്‌സല്‍ ബാരിയും ലക്ഷ്യമിട്ട് നീക്കം തുടങ്ങി.

ആദിവാസി മേഖലകളില്‍ ഇപ്പോഴും നക്‌സലൈറ്റുകള്‍ക്ക് മോശമല്ലാത്ത സ്വാധീനമാണുള്ളത്.

തീവ്ര ഇടതു മുന്നേറ്റം നടന്ന ഈ നക്‌സല്‍ ബാരിയില്‍ നിന്നാണ് ബംഗാളിലെ പ്രചരണത്തിന് അമിത് ഷാ തുടക്കമിട്ടത്.

ഇവിടെയുള്ള ആദിവാസി കുടിലില്‍ നിന്നും അദ്ദേഹം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു.

ഛത്തിസ് ഗഡില്‍ 26 സി ആർ പി എഫുകാരെ മാവോയിസ്റ്റുകൾ കൊലപ്പെടുത്തിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ നക്‌സല്‍ ബാരി സന്ദര്‍ശിക്കാന്‍ ധൈര്യം കാണിച്ച അമിത് ഷായുടെ നടപടി രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ചിട്ടുണ്ട്.

‘ബംഗാളിന്റെ പ്രതാപം തിരികെ കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കും. ടാഗോറിന്റെയും സ്വാമി വിവേകാനന്ദന്റെയും, സുഭാഷ് ബാബുവിന്റെയും എസ്.പി. മുഖര്‍ജിയുടെയും നാടാണിത് ‘. അമിത് ഷാ സന്ദര്‍ശനത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ലഭിച്ച വലിയ പിന്തുണ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മോശം ഭരണത്തില്‍ നിന്നും പ്രീണന രാഷ്ട്രീയത്തില്‍ നിന്നും ബംഗാള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാധാരണക്കാര്‍ക്കുവേണ്ടിയുള്ള സര്‍ക്കാരിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കും. ഒരിക്കല്‍ അക്രമത്തിന്റെ ചുവന്ന വിപ്ലവത്തിന്റെ പേരില്‍ അറിയപ്പെട്ടിരുന്ന നക്‌സല്‍ബാരി മുതല്‍ സബ്കാ സാത്ത് സബ്കാ വികാസ് എന്ന നയം നടപ്പാക്കുമെന്നും അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

നക്‌സല്‍ബാരിയിലെ അനേകം വീടുകള്‍ അമിത് ഷാ നേരിട്ടെത്തി സന്ദര്‍ശിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018 പഞ്ചായത്ത് തിരഞ്ഞെടുപ്പിനും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം.

താഴേതട്ടിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളിലേക്ക് അടുക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിജെപിക്ക് താരതമ്യേന സ്വാധീനം കുറഞ്ഞ സംസ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് അമിത് ഷായുടെ ഈ സന്ദര്‍ശനം.

Top