പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങളെ ചെറുക്കാന്‍ കേന്ദ്രം ബിജെപി നേതാക്കളെ അയക്കുന്നു

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ ചെറുക്കാന്‍ ബിജെപി നേതാക്കളെ ചുമതലപ്പെടുത്തി. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

ഏറ്റവും കൂടുതല്‍ പ്രക്ഷോഭം നടക്കുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളിലാണ് അവിടെ അനില്‍ ജെയിനെ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി സംസ്ഥാനങ്ങളില്‍ അവിനാശ് റായിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളില്‍ സരോജ് പാണ്ഡെയും മേല്‍നോട്ടം വഹിക്കും.

പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരേഷ് ഭട്ടിനാണ് ചുമതല. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍, ലക്ഷദ്വീപ്, ദാമന്‍ ദിയു തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും രവീന്ദ്ര രാജുവിനാണ് ചുമതല.

കിഴക്കന്‍ സംസ്ഥാനങ്ങളായ ഒഡിഷ, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ രാഹുല്‍ സിന്‍ഹ പ്രക്ഷോഭം നയിക്കും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസം മന്ത്രി ബിസ്വ ശര്‍മക്കാണ് ചുമതല.

Top