ദേശീയ നേതാക്കളെ ഇറക്കി പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങി ബിജെപി

bjpad

പത്തനംതിട്ട: ദിവസവും ഓരോ ദേശീയ നേതാക്കളെ വീതം ശബരിമലയില്‍ എത്തിച്ച് പ്രതിഷേധം ശക്തമാക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. മറ്റ് സംസ്ഥാനങ്ങളിലെ എംപിമാരെയടക്കം ശബരിമലയില്‍ എത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

സംസ്ഥാനത്തെ ബിജെപി നേതാക്കളെ ശബരിമലയില്‍ എത്തിക്കാന്‍ നേരത്തെ പാര്‍ട്ടി തീരുമാനമുണ്ടായിരുന്നു. അതനുസരിച്ച്, നാളെ എ.എന്‍ രാധാകൃഷ്ണന്‍ സന്നിധാനത്ത് എത്തും. ദേശീയ നേതാക്കളെ കൂടി എത്തിക്കുമ്പോള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുമെന്നാണ് ബിജെപി കണക്കു കൂട്ടല്‍. കൂടുതല്‍ അറസ്റ്റ് ഉണ്ടാകുന്നത് രാഷ്ട്രീയമായി ഗുണകരമാകും. ഇത് ലക്ഷ്യമിട്ടാണ് ബിജെപി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്.കെ സുരേന്ദ്രന്റെയും കെ.പി ശശികലയുടെയും അറസ്റ്റ് വലിയ പ്രക്ഷോഭങ്ങളാണ് സംസ്ഥാന വ്യാപകമായി ഉണ്ടാക്കിയത്.

അതേസമയം, സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള പ്രതികരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ എടുത്തത് കള്ളക്കേസാണെന്നും പ്രതിഷേധം സമാധാനപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമ പോരാട്ടം തുടരും. പോലീസ് ഉദ്യോഗസ്ഥരെ പ്രതിചേര്‍ക്കാന്‍ നിയമ സഹായം തേടുമെന്നും ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു.

Top