പ്രാദേശിക ശക്തികളിലൂടെ നീങ്ങുന്ന മുഖ്യധാര രാഷ്ട്രീയം; ഇന്ത്യയുടെ ട്രന്റ്‌സെറ്റേഴ്‌സ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളെപ്പോലെ തന്നെ, ചിലയിടത്ത് ദേശീയ പാര്‍ട്ടികളേക്കാള്‍ പ്രാധാന്യമുള്ള പ്രാദേശിക പാര്‍ട്ടികള്‍ക്കായിരിക്കും ഇത്തവണ ശ്രദ്ധിക്കപ്പെടുക. ബിജെപി വേഴ്‌സസ് എല്ലാ പാര്‍ട്ടികളും എന്ന രീതിയിലേയ്ക്ക് ഇത്തവണത്തെ തെരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. നേരിട്ടും അല്ലാതെയും പ്രാദേശിക ശക്തികള്‍ വെല്ലുവിളിയ്ക്കുന്നത് സാക്ഷാല്‍ നരേന്ദ്രമോദിയെ തന്നെയാണ്.

ഒഡീഷയിലെ ബിജുജനതാദള്‍ ആണ് പ്രാദേശിക ശക്തികളില്‍ ഒരു പ്രധാനപ്പെട്ട പാര്‍ട്ടി. കഴിഞ്ഞ 19 വര്‍ഷമായി നവീന്‍ പട്‌നായിക് ഇതിന്റെ അമരക്കാരനായി പ്രവര്‍ത്തിക്കുന്നു. ഏപ്രില്‍, മെയ് മാസങ്ങളിലായി ഇവിടെ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നത് ബിജെഡിയുടെ രണ്ട് പതിറ്റാണ്ടു കാലത്തെ ഭരണത്തിന്റെ വിശദമായ വിലയിരുത്തലാകും. ഇത് മനസ്സിലാക്കിക്കൊണ്ട് രണ്ട് വര്‍ഷം മുന്‍പ് തന്നെ ഇത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നവീന്‍ പട്‌നായിക്കും കൂട്ടരും തുടങ്ങിയിരുന്നു. ഒഡീഷ എന്ന ഐഡന്റിറ്റിയെ വലിയ തോതില്‍ പ്രദര്‍ശിപ്പിക്കുക എന്നതാണ് അതില്‍ ആദ്യത്തേത്. ചുരുക്കിപ്പറഞ്ഞാല്‍ ഉപദേശീയതാ വാദത്തെ പ്രോത്സാഹിപ്പിക്കുക. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ഇതേ രീതി അവലംബിച്ചു കഴിഞ്ഞു.

ഒഡീഷാ ടാഗ് അഭിമാനത്തോടെ എല്ലായിടത്തും വിളിച്ചു പറയാന്‍ ബിജുജനതാദള്‍ കഴിഞ്ഞ കുറച്ചു നാളുകളായി ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ട്. പല പല പൊതു പരിപാടികളാണ് രണ്ട് വര്‍ഷമായി സംസ്ഥാനത്ത് നടത്തുന്നത്. സംരംഭക സമ്മേളനങ്ങള്‍, പൈതൃക ഉത്സവങ്ങള്‍,2018 മെന്‍സ് ഹോക്കി വേഴ്ഡ് കപ്പ് തുടങ്ങിയവയിലെല്ലാം ഒഡീഷയുടെ പാരമ്പര്യവും പ്രത്യേകതകളും പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചു. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട വിനോദ സഞ്ചാര ഇടമാണ് ഒഡീഷയെന്ന് പറഞ്ഞ് വയ്ക്കാന്‍ സാധിച്ചു. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെയെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിനായി വളരെയധികം പരിശ്രമിച്ചു.

അടിസ്ഥാന ജനവിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനും നടപ്പിലാക്കാനും നവീന്‍പട്‌നായിക്കിന് സാധിച്ചു എന്നതാണ് പാര്‍ട്ടിയുടെ മറ്റൊരു വിജയം. പീത, അമ ഗയോണ്‍ അമ ബികാസ് യോജന തുടങ്ങിയ പദ്ധതികളെല്ലാം സര്‍ക്കാരിനെയും പാര്‍ട്ടിയെയും ജനങ്ങളോട് ഏറെ അടുപ്പിച്ച് നിര്‍ത്തുന്നതാണ്.

പിആര്‍ ഗെയിമിങ്ങില്‍ വിജയം കണ്ട പാര്‍ട്ടിയാണ് ബിജെഡി. തെലങ്കാനയില്‍ ചന്ദ്രശേഖര റാവുവിന്റെ കര്‍ഷക പദ്ധതികള്‍ പട്‌നായിക്കിനെ ഏറെ സ്വാധീനിച്ചിരുന്നു. റായ്തു ബന്ധു പദ്ധതിയിലൂടെ റാവു എട്ട് മില്യണ്‍ കര്‍ഷകരുടെയും ഓരോ ഏക്കര്‍ സ്ഥലത്തിനും വര്‍ഷംതോറും 8000 രൂപ വീതം നല്‍കി. റായിതു ഭീമയിലൂടെ അഞ്ച് ലക്ഷം വരെയുള്ള അപകട ഇന്‍ഷുറന്‍സാണ് മറ്റൊരു പദ്ധതി. ഇത്തരം കാര്‍ഷിക പദ്ധതികള്‍ വിജയകരമാക്കിയത് തെരഞ്ഞെടുപ്പില്‍ കെസിആറിന് വലിയ മേല്‍ക്കൈ നേടിക്കൊടുത്തു. ഇതാണ് ഇപ്പോള്‍ നവീന്‍ പട്‌നായിക്കിന്റെ പ്രചോദനം.

കൂടുതല്‍ കാര്‍ഷിക രംഗങ്ങളെ ഇത്തരം പദ്ധതികളില്‍ ഉള്‍പ്പെടുത്തിക്കൊട് തന്റെ വോട്ടുകള്‍ ഉറപ്പിക്കുകയാണ് പട്‌നായിക്ക് ചെയ്യുന്നത്.

അതുകൂടാതെ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണ ബില്‍ വലിയ ചര്‍ച്ചയാക്കിയതില്‍ പട്‌നായിക്കിന് വലിയ പങ്കുണ്ട്. ബിജുജനതാദളിലെ മൂന്നിലൊന്ന് സ്ഥാനാര്‍ത്ഥികളും സ്ത്രീകളായിരിക്കും എന്നാണ് പട്‌നായിക്കിന്റെ പ്രഖ്യാപനം. ഇത് ദേശീയ തലത്തില്‍ തന്നെ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കും ഇടയാക്കുന്ന പ്രഖ്യാപനമാണെന്ന കാര്യത്തില്‍ സംശയമില്ല.

ഇത്തവണ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനം മിനിമം വരുമാനം ഓരോ കുടുംബത്തിനും ഉറപ്പാക്കും എന്നതാണ്. കര്‍ഷക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതും ഇത്തരം പ്രാദേശിക പാര്‍ട്ടികളുടെ പ്രഖ്യാപനങ്ങള്‍ കേട്ട് ചങ്കിടിച്ചിട്ടാണ്. സ്ത്രീ സംവരണത്തെക്കുറിച്ച് പട്‌നായിക്കിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇതേ നീക്കം നടത്താന്‍ കോണ്‍ഗ്രസിലും ചരടുവലി തുടങ്ങി. മോദി സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തി പാര്‍ലമെന്റിലും ഇതേ സംവരണ സാധ്യത കൊണ്ടു വരുന്ന തരത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

ഒഡീഷയിലെ കാലിയയ്ക്കും തെലങ്കാനയിലെ റായ്തു ബന്ധുവിനും സമാനമായ രീതിയില്‍ ബിജെപിയും കര്‍ഷകര്‍ക്ക് ആറായിരം രൂപ നല്‍കുന്ന തരത്തിലുള്ള പദ്ധതി നടപ്പിലാക്കുന്നത് പ്രാദേശിക പാര്‍ട്ടികള്‍ ഈ രംഗങ്ങളില്‍ മേല്‍ക്കൈ നേടുന്നു എന്നു തോന്നുന്നത് കൊണ്ടാണ്.

ഒഡീഷ ഒരു പ്രതീകം മാത്രമാണ്. ബിജെഡി, ടിആര്‍എസ്, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് തുടങ്ങിയവയെല്ലാം മുന്‍പ് നടന്ന തെരഞ്ഞെടുപ്പിനേക്കാള്‍ ഇത്തവണ വലിയ നിര്‍ണ്ണായക ശക്തികളാണ്. ദേശീയ പാര്‍ട്ടികളോട് കൂട്ടു കൂടിയില്ലെങ്കിലും ജനമനസ്സുകളില്‍ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതു കൊണ്ടാണ് ഇക്കൂട്ടരുടെ പാത പിന്തുടര്‍ന്ന് ദേശീയ രാഷ്ട്രീയം താഴെയിറങ്ങി വരുന്നത്. പ്രാദേശിക പാര്‍ട്ടികള്‍ അവരുടെ വഴികളില്‍ വളര്‍ന്ന് പന്തലിച്ചു കൊണ്ടിരിക്കുകയാണ്. പൊളിറ്റിക്കല്‍ കാന്‍വാസിംഗിന്റെ കളികള്‍ ഇപ്പോള്‍ പ്രാദേശിക ശക്തികള്‍ക്കും നന്നായറിയാം എന്നു ചുരുക്കം.

ബിജെപി കൂട്ടുകെട്ടിന് പുല്ലുവില നല്‍കി ടിഡിപി പുറത്തേയ്ക്ക് പോയത് കേവലം ആന്ധ്രയുടെ പ്രത്യേക പദവി എന്ന ആവശ്യം മാത്രം മുന്‍ നിര്‍ത്തിയല്ല. മറ്റ് മുഖ്യമന്ത്രിമാരെക്കൂടി ഇരിപ്പുറക്കാന്‍ കഴിയാത്തവിധത്തില്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചന്ദ്രബാബു നായിഡു പയറ്റിയ തന്ത്രം. അതിലൂടെ ദേശീയ പാര്‍ട്ടികള്‍ക്ക് പ്രാദേശികരുടെ കാലുപിടിക്കേണ്ട അവസ്ഥയുണ്ടാക്കി സ്വയം കിങ് മെയ്‌ക്കേഴ്‌സ് ആവുകയാണ് ലക്ഷ്യം. നവീന്‍ പട്‌നായിക്കും നിതീഷ്‌കുമാറും ഇതേ രീതി പിന്തുടാന്‍ ശ്രമംനടത്തിയതും സമാനമായ ലക്ഷ്യം വച്ചു തന്നെയാണ്. രാഹുല്‍ ഗാന്ധി പോലും ഈ ആവശ്യത്തോട് എതിരഭിപ്രായം പറയാന്‍ ധൈര്യം കാണിക്കാത്തത് ഇതേ പൊളിറ്റിക്കല്‍ പവ്വറിന്റെ തീവ്രത കൊണ്ടാണ്.

എസ്പിയും ബിഎസ്പിയും ആര്‍ജെഡിയും എല്ലാം ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപിയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. മഹാസഖ്യം കൂട്ടിക്കെട്ടാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും അഖിലേഷ് യാദവും മായവതിയും കൈകോര്‍ത്തത് കോണ്‍ഗ്രസിന്റെ പിന്‍ബലം ആവശ്യമില്ല എന്ന് കാട്ടിത്തരാന്‍ തന്നെയാണ്.

കഴിഞ്ഞ 30 വര്‍ഷത്തെ പാര്‍ലമെന്റിലെ കണക്കു പരിശോധിച്ചാല്‍ പ്രദേശിക പാര്‍ട്ടികളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുന്നതായി കാണാന്‍ സാധിക്കും. സര്‍ക്കാരുകളില്‍ കൃത്യമായ സ്വാധീനം ചെലുത്താന്‍ ഇത്തരം പാര്‍ട്ടികള്‍ക്ക് തീര്‍ച്ചയായും കഴിവുണ്ട്. മോദി തരംഗത്തിലൂടെ ഈ ട്രന്റ് ഇല്ലാതാക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും 2019 തെരഞ്ഞെടുപ്പ് ബിജെപിയും യുപിഎപ്രാദേശിക പാര്‍ട്ടി മറുചേരിയും തമ്മിലുള്ള പോരാട്ടമായിരിക്കും.

Top