എം.പിമാരെ നടത്തിക്കുന്ന ‘രാഷ്ട്രീയം’ തന്ത്രപരം, പുതിയ മേഖല തേടി ബി.ജെ.പി

ബി.ജെ.പിയുടെ ആ മാര്‍ഗത്തെ രാജ്യത്തെ പ്രതിപക്ഷം പേടിക്കുക തന്നെ വേണം. കാവി രാഷ്ട്രീയത്തില്‍ നിന്നും ജനകീയ രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റത്തിനാണ് ഇപ്പോള്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരിക്കുന്നത്. ബാലക്കോട്ടും രാമക്ഷേത്രവും ഒന്നും എക്കാലത്തും വിജയം നല്‍കില്ലെന്ന് നന്നായി തിരിച്ചറിയുന്ന വ്യക്തിയാണ് നരേന്ദ്ര മോദി.

ലോക്‌സഭയില്‍ രണ്ട് സീറ്റില്‍ നിന്നും രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായി ബി.ജെ.പിയെ മാറ്റിയത് രാമക്ഷേത്ര വികാരമായിരുന്നു. എന്നാല്‍ ഇത്തവണ ദേശീയതയില്‍ ഊന്നിയ പ്രചരണമാണ് ബി.ജെ.പിയും മോദിയും നടത്തിയത്. ബാലക്കോട്ടെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത നടപടി ബി.ജെ.പിയുടെ വലിയ നേട്ടത്തിന് പിന്നിലുണ്ട്. എന്‍.ഡി.എയിലെ സഖ്യകക്ഷികളുടെ പോലും പിന്തുണയില്ലാതെ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ബി.ജെ.പിക്ക് ജനങ്ങള്‍ നല്‍കിയിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ സംഘടനാപരമായ തകര്‍ച്ചയും പ്രതിപക്ഷത്തെ അനൈക്യവും എക്കാലത്തും നിലനില്‍ക്കും എന്ന് സാക്ഷാല്‍ മോദി പോലും കരുതുന്നില്ല. കോണ്‍ഗ്രസ്സിനെ ചതിച്ച ഭരണവിരുദ്ധ വികാരം ഒരിക്കല്‍ തന്നെയും ചതിക്കുമെന്ന് മോദിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ ജനകീയ പിന്തുണ കൂടുതലായി ആര്‍ജിച്ച് ഭാവിയിലെ വെല്ലുവിളി മറികടക്കാനാണ് ഇപ്പോഴേ ശ്രമം തുടങ്ങിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുവാന്‍ ഗാന്ധിമാര്‍ഗമാണ് മോദി നിര്‍ദേശിച്ചിരിക്കുന്നത്. 150 കിലോമീറ്റര്‍ ഓരോ എം.പിയുടെയും നേതൃത്വത്തില്‍ പദയാത്ര നടത്തണമെന്നതാണ് നിര്‍ദ്ദേശം.

എ.സി കാറുകളിലിരുന്നും സ്മാര്‍ട്ട് ഫോണുകളും സോഷ്യല്‍ മീഡിയകളും ഉപയോഗപ്പെടുത്തിയും രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരാണ് ഇതോടെ വെട്ടിലായിരിക്കുന്നത്. പറഞ്ഞത് മോദി ആയതിനാല്‍ നടന്നില്ലെങ്കില്‍ ‘പണി’ കിട്ടുമെന്ന പേടി എം.പിമാര്‍ക്കുണ്ട്. നടക്കാനുള്ള ബുദ്ധിമുട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മറികടക്കാന്‍ ശ്രമിച്ചാല്‍ ഐ.ബി തന്നെ അത് പൊളിച്ചടുക്കും. ഈ യാഥാര്‍ത്ഥ്യവും എം.പിമാരെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. അതേസമയം പദയാത്രക്ക് ആരോഗ്യകരമായ ബുദ്ധിമുട്ടുള്ള എം.പിമാര്‍ക്ക് ചില ഇളവുകള്‍ പാര്‍ട്ടി നേത്യത്വം നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.

ഗാന്ധി ജയന്തി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനമായ ഒക്ടോബര്‍ 31 വരെയുള്ള ദിവസങ്ങളില്‍ 150 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. പാര്‍ട്ടി നേതാക്കളും അണികളും മന്ത്രിമാരും പദയാത്രയില്‍ അണിചേരും. ഗാന്ധിജിയുടെ മാര്‍ഗത്തില്‍ ഗ്രാമങ്ങളിലൂന്നിയായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് മോദി എം.പിമാര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗാന്ധിയന്‍ ആശയങ്ങള്‍ ജനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. ഗാന്ധി ഘാതകനായ നഥുറാം വിനായക് ഗോഡ്‌സയെ അംഗീകരിക്കുന്ന തീവ്ര ഹിന്ദുത്വവാദികളുടെ നിലപാട് തള്ളിയാണ് പുതിയ നീക്കം.

അതേസമയം കാവിക്കുമേല്‍ വീണ പാപക്കറ കഴുകി കളയാനും മറ്റൊരു ഇമേജ് സൃഷ്ടിക്കാനുമാണ് സംഘപരിവാര്‍ നീക്കമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കര്‍ണ്ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പെടെ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എത്രയും പെട്ടെന്ന് ഭരണം പിടിക്കുക എന്നതാണ് ബി.ജെ.പി ലക്ഷ്യം. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ മഹാസഖ്യം ഉണ്ടാകാനുള്ള സാധ്യത ബി.ജെ.പി മുന്നില്‍ കാണുന്നുണ്ട്. മഹാരാഷ്ട്ര ,ഹരിയാന, യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും പ്രതിപക്ഷ ഐക്യത്തെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പാണ് മോദി നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്നത്.

ബംഗാളിന് പിന്നാലെ തെലങ്കാന പിടിക്കണമെന്നതാണ് ബി.ജെ.പിയുടെ മറ്റൊരു അജണ്ട. ഇതിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് സംഘപരിവാര്‍ തെലങ്കാനയില്‍ നടത്തി വരുന്നത്. ബി.ജെ.പി നീക്കത്തില്‍ ഭരണപക്ഷമായ ടി.ആര്‍.എസും ആശങ്കയിലാണ്. തെലങ്കാനയിലും ആന്ധ്രയിലും കോണ്‍ഗ്രസ്സ് ശരശയ്യയിലായ അവസ്ഥയിലാണിപ്പോള്‍. രാജ്യത്ത് നിലനില്‍പ്പിനായി പോരാടുന്ന കോണ്‍ഗ്രസ്സ് എന്തു വിട്ടുവീഴ്ചക്കും തയ്യാറാകുമെന്നാണ് കാവിപടയുടെ വിലയിരുത്തല്‍.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചെങ്കിലും വോട്ടിങ് ശതമാനത്തില്‍ പ്രതിപക്ഷം പൂര്‍ണമായും തകര്‍ന്നടിഞ്ഞിട്ടില്ല. എപ്പോള്‍ വേണമെങ്കിലും പ്രതിപക്ഷത്തിന് അധികാരം പിടിക്കാനുള്ള ശേഷി രാജ്യത്ത് നിലവിലുണ്ട്. ഈ ജനകീയ അടിത്തറ പൊളിച്ച് കാവി വിത്തു പാകാനാണ് ബി.ജെ.പി ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പദയാത്ര ഒരു തുടക്കം മാത്രമാണെന്നും നിരന്തരം ജനങ്ങളുമായി ബന്ധപ്പെട്ട് ജനപ്രതിനിധികള്‍ പ്രവര്‍ത്തിക്കുമെന്നുമാണ് ബി.ജെ.പി നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

അധികം താമസിയാതെ രാജ്യസഭയിലും ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുന്നതോടെ ചില സുപ്രധാന നിയമ നിര്‍മ്മാണങ്ങളും മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനെതിരെ സ്വാഭാവികമായും ഉയരുന്ന ജനവികാരം മുന്നില്‍ കണ്ടു കൂടിയാണ് പുതിയ കരുനീക്കങ്ങള്‍. ഇപ്പോഴും ബി.ജെ.പിയെ ആശങ്കയോടെ കാണുന്ന ജനവിഭാഗത്തിന്റെ ആശങ്ക കൂടി അകറ്റാനാണ് തിരുത്തല്‍ നടപടികള്‍. പദയാത്രയ്ക്ക് പുറമെ ഗൃഹസന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പാര്‍ട്ടിയുടെ കര്‍മ്മപദ്ധതിയിലുണ്ട്. ജനകീയരായ മറ്റു പാര്‍ട്ടികളിലെ നേതാക്കളെയും സാമൂഹ്യ പ്രവര്‍ത്തകരെയും ബി.ജെ.പിയോട് അടുപ്പിക്കാനും അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്. കേരളം ഒഴികെയുള്ള സ്ഥലങ്ങളില്‍ ‘ഓപ്പറേഷന്‍ താമര’ വിജയിക്കുമെന്ന് തന്നെയാണ് കാവിപടയുടെ പ്രതീക്ഷ.

Political Reporter

Top