മുസഫര്‍നഗര്‍ കലാപം; ബിജെപി നേതാക്കള്‍ക്ക് കേസില്ല

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബിജെപി എംഎല്‍എമാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുന്നു. സംഗീത് സോം ഉള്‍പ്പടെ മൂന്ന് എംഎല്‍എമാര്‍ക്കെതിരെ കേസ് പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന്റ ശുപാര്‍ശപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കുന്നത്.

2013 സെപ്റ്റംബറില്‍ നടന്ന മുസഫര്‍ നഗര്‍ കലാപത്തില്‍ അറുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വന്‍ ധ്രൂവീകരണത്തിന് കലാപം ഇടയാക്കിയിരുന്നു. ചില യുവാക്കള്‍ക്കിടയിലുണ്ടായ സംഘര്‍ഷം പിന്നീട് കലാപമായി മാറുകയായിരുന്നു. മുസഫര്‍നഗറിലെ നഗ്ല ഗ്രാമത്തില്‍ നടന്ന മഹാപഞ്ചായത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കെതിരെയുള്ള ആക്രമണവും ചിലര്‍ ആയുധമാക്കി.

ഇപ്പോള്‍ ബിജെപി എംഎല്‍എമാരായ സംഗീത് സോം, സുരേഷ് റാണ, കപില്‍ ദേവ് എന്നിവര്‍ ഉള്‍പ്പടെ മഹാപഞ്ചായത്തില്‍ പങ്കെടുത്ത പതിനാലു പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കേസെടുത്തു. കേസെടുക്കുമ്പോള്‍ അഖിലേഷ് യാദവായിരുന്നു മുഖ്യമന്ത്രി. മുന്‍ കേന്ദ്രമന്ത്രി സഞ്ജീവ് ബല്ല്യാന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ യോഗി ആദിത്യനാഥ് ഭരണത്തിലെത്തിയപ്പോള്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ജില്ലാ ഭരണകൂടത്തിന്റെ നിലപാട് നേരത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തേടിയിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്റെ ശുപാര്‍ശ കൂടി ഉള്‍പ്പെടുത്തിയാണ് കോടതിയില്‍ സംസ്ഥാനം അപേക്ഷ നല്‍കിയിരിക്കുന്നത്.

Top