ജോലിയെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് ബി ജെ പി എം.പി

manoj-tiwari

ന്യൂഡല്‍ഹി: ജോലിയെടുക്കാത്തവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് ബി ജെ പി എംപി മനോജ് തിവാരി. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന അംഗങ്ങള്‍ക്ക് വേതനം നല്‍കരുതെന്നാണ് എം പി യുടെ ആവശ്യം. കത്തിലൂടെയാണ് തിവാരി സ്പീക്കര്‍ക്ക് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്.

തുടര്‍ച്ചയായ 13ാം ദിവസവും വിവിധ കക്ഷികളുടെ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നായിരുന്നു മനോജ് തിവാരി ഇത്തരത്തിലൊരാവശ്യം സ്പീക്കറോട് ആവശ്യപ്പെട്ടത്. നിയമ നിര്‍മാണം നടത്തേണ്ട ജനപ്രതിനിധികള്‍ സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പാര്‍ലമെന്റ് സ്തംഭനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ബിജെപി എംപിയുടെ വാദം തള്ളി ടിആര്‍എസ് എംപി കെ.കവിത രംഗത്തെത്തി. കേന്ദ്ര സര്‍ക്കാര്‍ അവരുടെ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചാല്‍ എംപിമാര്‍ക്ക് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തേണ്ട കാര്യമുണ്ടോ എന്നായിരുന്നു കവിതയുടെ പരിഹാസം. ഒരു പാര്‍ട്ടിയും എംപിമാരും പാര്‍ലമെന്റിനുള്ളില്‍ പ്രതിഷേധം ഉയര്‍ത്താന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ സര്‍ക്കാര്‍ സമീപനങ്ങള്‍ തെറ്റാകുമ്പോള്‍ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും കവിത ട്വിറ്ററില്‍ കുറിച്ചു.

Top