ഭാര്യമാരുടെ പീഡനത്തിന് ഇരയാകുന്നവര്‍ക്ക് ‘പുരുഷ ആയോഗ്’ വേണമെന്ന് ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: ഭാര്യമാര്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നത് തടയുന്നതിനായി ദേശീയ വനിതാ കമ്മിഷന്റെ മാതൃകയില്‍ പുരുഷ ആയോഗ് രൂപീകരിക്കണമെന്ന ആവശ്യവുമായി രണ്ട് ബി.ജെ.പി എംപിമാര്‍. ഉത്തര്‍പ്രദേശിലെ ഖോസിയില്‍ നിന്നുള്ള എം.പി ഹരിനാരായണ്‍ രാജ്ബര്‍, ഹാര്‍ദോയിയില്‍ നിന്നുള്ള എം.പി അന്‍ഷുല്‍ വര്‍മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. ‘പുരുഷ് ആയോഗ്’ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഭാര്യമാരില്‍ നിന്നു കടുത്ത പീഡനമേല്‍ക്കേണ്ടി വരുന്ന പുരുഷന്മാരുടെ എണ്ണം കൂടിവരികയാണ്. കോടതികള്‍ക്ക് മുന്നിലും ഇത്തരം നിരവധി കേസുകള്‍ എത്തുന്നുണ്ട്. സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ നിയമങ്ങളും മറ്റ് സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്മാര്‍ക്കായി അങ്ങനെയൊരു സംവിധാനമില്ല. അതിനാല്‍ തന്നെ ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ പുരുഷന്മാര്‍ക്കായും ഒരു കമ്മിഷന്‍ വേണമെന്ന് രാജ്ബര്‍ പറഞ്ഞു.

എല്ലാ സ്ത്രീകളും കുറ്റക്കാരാണെന്നോ എല്ലാ പുരുഷന്മാരും തെറ്റുകാരാണെന്നോ പറയില്ല. എന്നാല്‍, മറ്റുള്ളവരെ ദ്രോഹിക്കുന്ന ആളുകള്‍ ഇരുവിഭാഗങ്ങളിലുമുണ്ട്. അതിനാല്‍ പുരുഷന്മാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു വേദി ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

1998നും 2015നും ഇടയില്‍ ഇന്ത്യയില്‍ 27 ലക്ഷം പുരുഷന്മാര്‍ സ്ത്രീകള്‍ക്ക് അനുകൂലമായ നിയമങ്ങള്‍ മൂലം അറസ്റ്റിലായതെന്ന് അന്‍ഷുല്‍ വര്‍മ പറഞ്ഞു. തുല്യതയ്ക്ക് വേണ്ടിയാണ് തങ്ങള്‍ വാദിക്കുന്നതെന്നും പുരുഷന്മാര്‍ക്ക് നീതി ലഭിക്കണമെന്നും അന്‍ഷുല്‍ വര്‍മ പറഞ്ഞു.

Top