ശബരിമലയിലെ സ്ത്രീപ്രവേശനം സ്വാഗതം ചെയ്ത് ബിജെപി എംപി

ന്യൂഡല്‍ഹി:ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ സ്വാഗതം ചെയ്ത് ബിജെപി എംപി ഉദിത് രാജ്. സ്ത്രീകള്‍ ശ്രീകോവിലില്‍ പ്രവേശിച്ചതില്‍ താന്‍ വളരെയധികം സന്തുഷ്ടനാണെന്നായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

പുരുഷന്മാര്‍ സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ജനിച്ചതാണെന്നും സ്ത്രീയ്ക്ക് അശുദ്ധി കല്‍പ്പിക്കുന്ന ആചാരങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉദിത് രാജ് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

ശബരിമലയില്‍ ബിന്ദുവും കനക ദുര്‍ഗയും ദര്‍ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്‍ശനം നടത്തിയതിന്റെ മൊബൈല്‍ ഫോണ്‍ വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്.

Top