“പക്വത പ്രകടിപ്പിച്ചു തുടങ്ങി”; രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ബിജെപി എംപി

ന്യൂഡല്‍ഹി : കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ‘മന്ദബുന്ദിയെന്ന് ‘ പരിഹസിച്ച ബിജെപി എംപി സരോജ് പാണ്ഡെ, രാഹുലിനെ കുറിച്ചുള്ള നിലപാട് തിരുത്തി രംഗത്ത്. രാഹുല്‍ ഗാന്ധി പക്വത പ്രകടിപ്പിച്ചു തുടങ്ങിയെന്നാണ് കഴിഞ്ഞ ദിവസം അവര്‍ അഭിപ്രായപ്പെട്ടത്.

രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പക്ഷേ, അതിന് ഒരു പ്രായമുണ്ടെന്നും 40 വയസിന് ശേഷവും പഠിക്കാന്‍ കഴിയാത്ത വ്യക്തിയെ വിദ്യാര്‍ഥി എന്ന് വിളിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാരെ മന്ദബുദ്ധി എന്നാണ് വിളിക്കേണ്ടതെന്നുമായിരുന്നു മുന്‍പ് സരോജ് പാണ്ഡെ പരിഹസിച്ചത്. മുമ്പ് പല തവണയും ഇവര്‍ രാഹുലിനെ ആക്ഷേപിക്കുന്ന പ്രസ്താവനകള്‍ നടത്തി വിവാദത്തിലായിട്ടുണ്ട്.

എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പക്വത പ്രകടിപ്പിച്ചു തുടങ്ങിയെന്നാണ് അവര്‍ പറഞ്ഞത്. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അവര്‍.

വ്യാപം അഴിമതി കോണ്‍ഗ്രസ് രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് എങ്ങനെയാണെന്ന് നാം കണ്ടതാണ്. ബിജെപി ഒരു തരത്തിലുള്ള അഴിമതിയും നടത്തുന്നില്ല. അതുകൊണ്ടാണ് പ്രതിപക്ഷം റാഫേല്‍ ആരോപണം ഉയര്‍ത്തുന്നത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം ഒരു കുടക്കീഴില്‍ വന്ന് നടത്തുന്ന റാലി വളരെ അത്ഭുതമായി തോന്നുന്നു. സ്വന്തം സംസ്ഥാനത്ത് പോലും ജനാധിപത്യം സംരക്ഷിക്കാന്‍ കഴിയാത്ത മമത റാലി നയിക്കുന്നുവെന്നതും ഞെട്ടലുണ്ടാക്കി- അവര്‍ കൂട്ടിച്ചേര്‍ത്തു.

Top