മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ല; പാര്‍ട്ടി വിട്ട് ബിജെപി എംപി

ന്യൂഡല്‍ഹി;ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി എംപി പാര്‍ട്ടി വിട്ടു. ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗവും ബിജെപിയുടെ ദളിത് മുഖവും ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി എസിടി ചെയര്‍മാനുമായ ഡോ. ഉദിത് രാജാണ് പാര്‍ട്ടി അംഗത്വം രാജി വച്ചത്.

ഡല്‍ഹിയില്‍ പാര്‍ലമെന്റ് സീറ്റ് നിഷേധിച്ചതിന് പിറകെയാണ് നടപടി. പാര്‍ട്ടി വിടുന്നതിന് മുന്നോടിയായി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ നിന്നും ചൗക്കീദാര്‍ എന്ന വിശേഷണവും ഉദിത് രാജ് നീക്കി. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിക്ക് അനുകൂല നിലപാടായിരുന്നു ഉദിത് പരസ്യമായി പറഞ്ഞത്. ഇതാണ് സീറ്റ് നിഷേധിച്ചതിന് കാരണമെന്ന് പ്രചരിക്കുന്നുണ്ട്. ഡല്‍ഹി നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ ഉദിത് രാജിന് പകരം ഹനസ് രാജ് ഹനസിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതും രാജിക്ക് കാരണമായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2014 ലെ തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയുടെ രാഖി ബിര്‍ളയെ ഒരു ലക്ഷത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി എംപിയായ വ്യക്തിയാണ് രാജ്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് അദ്ദേഹം മുമ്പേ സൂചന നല്‍കിയിരുന്നു.

Top