മോദിക്കെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി എംപി രാജിവെച്ചു, കോണ്‍ഗ്രസ്സിലേക്കെന്ന് സൂചന

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്തിയ ബിജെപി എംപി നാനാ പടോള്‍ ലോക്‌സഭാംഗത്വം രാജിവെച്ചു.

മഹാരാഷ്ട്രയിലെ ബന്ദാര ഗോണ്ടിയയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്നു നാനാ പടോള്‍.

എംപി സ്ഥാനം രാജിവെച്ച പടോള്‍ പാര്‍ട്ടി വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് രാജിക്കത്ത് കൈമാറിയതായി പടോള്‍ വ്യക്തമാക്കി.

ബിജെപി വിട്ട പടോള്‍ കോണ്‍ഗ്രസ്സിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങളുണ്ട്.

നേരത്തെ, സര്‍ക്കാര്‍ പദ്ധതികളെ കുറിച്ചുള്ള ചോദ്യങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ ചോദിക്കുന്നത് നരേന്ദ്രമോദിക്ക് ഇഷ്ടമല്ലെന്ന് പടോള്‍ തുറന്നടിച്ചിരുന്നു.

എംപിമാരുടെ യോഗത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കല്‍ താന്‍ സംശയം ചോദിച്ചപ്പോള്‍ മോദി തന്നോട് ക്ഷുഭിതനായെന്നും പടോള്‍ വെളിപ്പെടുത്തിയിരുന്നു.

ഗ്രീന്‍ ടാക്‌സ്, കാര്‍ഷിക വകുപ്പിലെ കേന്ദ്ര നിക്ഷേപം, ഒബിസി മന്ത്രാലയം തുടങ്ങിയ ആവശ്യങ്ങള്‍ താന്‍ ഉന്നയിച്ചപ്പോള്‍ അഭിനന്ദിക്കുന്നതിന് പകരം മോദി തന്നോട് ദേഷ്യപ്പെട്ടെന്നും വായടക്കാന്‍ പറഞ്ഞെന്നുമായിരുന്നു നാനാ പട്ടോളിന്റെ വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സ്വന്തം പാര്‍ട്ടി ജനപ്രതിനിധി പരസ്യമായി അഭിപ്രായവ്യത്യാസം രേഖപ്പെടുത്തുന്ന ആദ്യ സംഭവമായി പടോള്‍ നടത്തിയ പ്രസ്താവനകളെ ദേശീയ മാധ്യമങ്ങള്‍ നിരീക്ഷിച്ചിരുന്നു.

2008-ല്‍ കോണ്‍ഗ്രസ്സില്‍ നിന്നാണ് പടോള്‍ ബിജെപിയിലെത്തുന്നത്. 2014 ലെ തിരഞ്ഞെടുപ്പില്‍ ബന്ദാര ഗോണ്ടിയയില്‍ നിന്ന് എന്‍സിപിയുടെ പ്രഭുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് അദ്ദേഹം ലോക്‌സഭയിലെത്തിയത്.

Top