ഗോഡ്‌സെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രഗ്യാ സിങ്;പ്രതിഷേധം ഉയര്‍ത്തി പ്രതിപക്ഷം

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെ ദേശഭക്തന്‍ എന്ന വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍. തന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നാണ് പ്രഗ്യ സിങ് ലോക്‌സഭയില്‍പറഞ്ഞത്. മഹാത്മാ ഗാന്ധി രാജ്യത്തിന് നല്‍കിയ സംഭാവനകളെ വലിയ തോതില്‍ താന്‍ ബഹുമാനിക്കുന്നുണ്ടെന്നും പ്രജ്ഞ പറഞ്ഞു.

തന്നെ ഒരു സഭാംഗം ഭീകരവാദി എന്നു വിളിച്ചിരുന്നു. ഒരു കോടതിയിലും തനിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടിട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ വനിതയെന്ന നിലയിലും ഒരു സന്യാസിയെന്ന നിലയിലും തന്നെ അപമാനിക്കുന്നതാണ് പരാമര്‍ശമെന്നും പ്രഗ്യാ പറഞ്ഞു. രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചാണ് പ്രഗ്യായുടെ പരാമര്‍ശം.

അതേസമയം പ്രജ്ഞയുടെ വിശദീകരണം അംഗീകരിക്കില്ലെന്ന നിലപാടുമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. പ്രഗ്യാ സിങ്ങിന്റെ വിശദീകരണത്തോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ പ്രജ്ഞയുടെ വിശദീകരണം പ്രതിപക്ഷം സ്വീകരിച്ചിട്ടില്ല. നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധിച്ചു.

എസ്.പി.ജി (ഭേദഗതി) ബില്ലിന്‍മേല്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് പ്രഗ്യാ ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചത്. ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഗോഡ്‌സെ രചിച്ച ”വൈ ഐ കില്‍ഡ് ഗാന്ധി” എന്ന പുസ്തകത്തിലെ ഒരു വാക്യം ഡി.എം.കെ അംഗം എ രാജ ഉപയോഗിച്ചിരുന്നു. പ്രഗ്യാ ഇതിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്നാണ് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിശേഷിപ്പിച്ചുള്ള പരാമര്‍ശം പ്രഗ്യാ നടത്തിയത്.

Top