പാവങ്ങള്‍ക്ക് പുതപ്പ് വിതരണം; ഫോട്ടോയെടുപ്പിനെ ചൊല്ലി ബിജെപി നേതാക്കള്‍ തമ്മില്‍ അടിപിടി

bjp

ലക്‌നൗ: പാവപ്പെട്ടവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുന്നതിനിടെ ബിജെപി നേതാക്കള്‍ തമ്മില്‍ അടിപിടി. പുതപ്പ് വിതണം ചെയ്യുന്ന ഫോട്ടോ ആരുടേത് ആദ്യം എടുക്കുമെന്നതിനെ ചൊല്ലിയാണ് സ്ഥലം എംഎല്‍എയും എംപിയും തമ്മില്‍ തല്ലിയത്. പൊലീസും ജില്ലാ ഉദ്യോഗസ്ഥരും നില്‍ക്കെയായിരുന്നു സംഭവം.

മഹോലി എംഎല്‍എയായ ശശാങ്ക് ത്രിവേദിയുടെ അനുയായികളില്‍ ഒരാളോട് ലോക്‌സഭ എംപിയായ രേഖ വര്‍മ്മ രോഷാകുലയായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ‘നീ നിന്റെ പരിധിയില്‍ നിന്നാല്‍ മതി’ എന്ന് രേഖ വര്‍മ്മ അയാളോട് കയര്‍ത്തു സംസാരിച്ചു. ഇതിനിടെ രേഖ വര്‍മ്മയുടെ മകനെ ആരോ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മകനെ രക്ഷിക്കാനായി എംപി ഓടിയെത്തുകയും ചെയ്തു.

ഇതിനിടെ തര്‍ക്കം തീര്‍ക്കാനെത്തിയ പൊലീസുകാരന് ഇടിയേല്‍ക്കുകയും ചെയ്തു. പിന്നീട് എംപിയും ത്രിവേദിയുടെ അനുയായികളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വഴക്ക് പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി.

കയ്യാങ്കളി ശക്തമായപ്പോള്‍ ലോക്‌സഭ എംപിയായ രേഖ വര്‍മ്മ ഒരാളെ ചെരുപ്പൂരി അടിക്കാനും ശ്രമിച്ചു. എന്നാല്‍ അടി എതിരാളിക്ക് കൊണ്ടില്ല. ഒടുവില്‍ പൊലീസ് മേധാവി സ്ഥലത്തെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

യുപിയില്‍ കൊടും ശൈത്യത്തില്‍ നിരവധി പേര്‍ മരണമടഞ്ഞിരുന്നു. ഇതേ തുടര്‍ന്ന്, തണുപ്പില്‍ നിന്നും രക്ഷ നേടാനായി പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയിലാണ് ബിജെപി നേതാക്കള്‍ തമ്മില്‍ പോരടിച്ചത്.

Top