‘ജയിലില്‍ നിന്ന് നേതാക്കള്‍ നിയന്ത്രിക്കുന്നത് ഗുണ്ടാസംഘങ്ങളെയാണ്, സര്‍ക്കാരിനെയല്ല; മനോജ് തിവാരി

ഡല്‍ഹി: മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ തീരുമാനത്തെ പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. ‘ജയിലില്‍ നേതാക്കള്‍ നിയന്ത്രിക്കുന്നതായി ഞങ്ങള്‍ കണ്ടിട്ടുള്ളത് ഗുണ്ടാസംഘങ്ങളെയാണ്, അല്ലാതെ സര്‍ക്കാരിനെയല്ല’ എന്നായിരുന്നു മനോജ് തിവാരിയുടെ പ്രതികരണം. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും ജയിലില്‍ നിന്ന് സര്‍ക്കാരിനെ നിയന്ത്രിക്കുമെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭരണത്തിലിരിക്കുമ്പോള്‍ അറസ്റ്റിലാകുന്ന ആദ്യത്തെ മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെജ്രിവാളിനെ കോടതി ഇന്നലെ ആറ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയും വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ തിവാരി, എഎപിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മിക അടിത്തറ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. പല സ്ഥലങ്ങളിലും ആളുകള്‍ കെജ്രിവാളിന്റെ അറസ്റ്റ് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിക്കുകയാണെന്നും തിവാരി അവകാശപ്പെട്ടു.

രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കു ശേഷം കെജ്രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പിന്തുണയ്ക്കാന്‍ ആരും ഉണ്ടാകില്ല. ഗോപാല്‍ റായ്ക്കും അതിഷിക്കും മറ്റ് ലക്ഷ്യങ്ങളുണ്ട്. ഇരുവരും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ തന്നെ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇരുവരും പ്രതികരിക്കാന്‍ സാധ്യതയില്ലെന്നും തിവാരി അഭിപ്രായപ്പെട്ടു.

കെജ്രിവാളിന്റെ അറസ്റ്റില്‍ കോടതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിക്കുന്ന ഇന്‍ഡ്യ മുന്നണി നേതാക്കളെയും തിവാരി ചോദ്യം ചെയ്തു. അവരെല്ലാവരും അഴിമതിക്കാരാണ്. കെജ്രിവാളിനു വേണ്ടി അവര്‍ വാദിക്കാന്‍ കാരണം സ്വന്തം നിലനില്‍പ് ഓര്‍ത്താണെന്നും തിവാരി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്തെ വേട്ടയാടലിന് എതിരെ ഇന്‍ഡ്യ സഖ്യം കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റെയ്ഡും അറസ്റ്റും തടയണം എന്നാണ് ആവശ്യം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം നിരീക്ഷിക്കണമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം.

ഡല്‍ഹി മദ്യനയ അഴിമതികേസില്‍ കഴിഞ്ഞദിവസമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡി കാലാവധിയാണ് നിലവിലുള്ളത്. ഇതേ കേസില്‍ അറസ്റ്റിലായ, തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.

Top