മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ലെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി എംപി മീനാക്ഷി ലേഖി.

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണ്. ആക്ടിവിസ്റ്റുകളെ സന്നിധാനത്തെത്തിച്ച് ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമമെന്നും മീനാക്ഷി ലേഖി കുറ്റപ്പെടുത്തി.

മതപരമായ ആചാരങ്ങളില്‍ കോടതി ഇടപെടുന്നത് ശരിയല്ല. 41 ദിവസം വ്രതമെടുത്താണ് ശബരിമലയ്ക്ക് പോകുന്നത്. വ്രതമെടുക്കേണ്ട ദിവസങ്ങളുടെ ദൈര്‍ഘ്യം കുറയ്ക്കാന്‍ കോടതിക്ക് കഴിയുമോയെന്നും മീനാക്ഷി ചോദിച്ചു.

ക്രിസ്തു ജനിച്ച സ്ഥലം സുപ്രീംകോടതിക്ക് നിശ്ചയിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ ഉപവാസം നടത്തുന്നതിനിടെ ഭക്ഷണം കഴിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയുമോയെന്നും അവര്‍ ചോദിച്ചു. ശൂന്യവേളയിലായിരുന്നു ലോക്സഭയില്‍ ശബരിമല വിഷയം ഉന്നയിച്ചത്.

മുന്‍പ് ശബരിമല വിഷയത്തില്‍ ബിജെപി നിലപാടിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കാതെ ് മീനാക്ഷി ലേഖി വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. പിന്നീട് ഇപ്പോഴാണ് ഈ വിഷയത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കുന്നത്.

Top