ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ പുതിയ വഴികൾ തേടി ബി.ജെ.പി നീക്കം !

രുന്ന ലോകസഭ തിരഞ്ഞെടുപ്പ് മുൻ നിർത്തി കാലഹരണപ്പെട്ട വിഷയങ്ങൾ ഒഴിവാക്കി പുതിയ ‘ആയുധം’ പ്രയോഗിക്കാൻ സംഘപരിവാർ നീക്കം. ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ ഏക സിവിൽ കോഡ് വിഷയം സജീവമാക്കി നിർത്താനാണ് കാവിപ്പടയുടെ നീക്കം.ഇതിന്റെ ഭാഗമായുള്ള നിർദ്ദേശം ബി.ജെ.പി ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിലേക്കും പോയി കഴിഞ്ഞു.

ഏക സിവിൽ കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഗൗരവമായി ആലോചിക്കുന്നുണ്ടെന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ നിലവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരാഖണ്ഡ് സർക്കാരിന്റെ നിർദേശത്തിന് പിന്നാലെയാണ് യുപി ഉപമുഖ്യമന്ത്രിയുടെ ഈ പ്രസ്താവന എന്നതും ഏറെ ശ്രദ്ധേയമാണ്. സംസ്ഥാനത്തു മാത്രമല്ല രാജ്യവ്യാപകമായി ഈ നിയമം അതിവേഗം നടപ്പാക്കുന്നത് ആലോചനയിലാണെന്നും കേശവപ്രസാദ് മൗര്യ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന്റെ ചുവടുപിടിച്ച് ബി.ജെ.പി ഭരിക്കുന്ന ഹിമാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയും ഇപ്പോൾ സമാനമായ പ്രസ്താവനയിറക്കിയിട്ടുണ്ട്. ഏക സിവിൽകോഡ് ഒരു മികച്ച നീക്കമാണെന്നാണ് മുഖ്യമന്ത്രി ജയ്റാം താക്കൂർ വ്യക്തമാക്കിയിരിക്കുന്നത്. ഹിമാചലിൽ ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യം തന്റെ സർക്കാർ പരിശോധിച്ചുവരികയാണെന്നും നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി. അസം മുഖ്യമന്ത്രിയും ഇതു പോലത്തെ പ്രഖ്യാപനം തന്നെയാണ് നടത്തിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ മധ്യപ്രദേശിലും ഏക സിവിൽ കോഡിനായുള്ള ചർച്ചകൾ സജീവമാണ്.

ഇവിടെ ഏകസിവിൽ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിങ്, മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന് കത്തയച്ചിട്ടുണ്ട്. ബിജെപി പ്രകടന പത്രികയുടെ പ്രധാനഭാഗമാണ് ഏക സിവിൽ കോഡ് എന്നതിനാൽ അക്കാര്യം ഉടൻ തന്നെ നടപ്പിലാകുമെന്നാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ നടന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സംസാരിച്ച ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമക്കിയിരിക്കുന്നത്.

”സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ തുടങ്ങി… മിക്ക വിഷയങ്ങളും പരിഹരിച്ചു ഇനി ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള സമയമാണ്’ എന്നാണ് അമിത് ഷാ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നത്. ‘ഒരു പൈലറ്റ് പദ്ധതിയായി ആദ്യം ഉത്തരാഖണ്ഡിൽ ഏകീകൃത വ്യക്തിനിയമം നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. ‘എല്ലാം സമയത്തിന് നടക്കുമെന്നും പാർട്ടി തീരുമാനത്തിന് ഒപ്പം പ്രവർത്തകരും നേതാക്കളും നിൽക്കണമെന്നുമാണ് അമിത് ഷാ യോഗത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര ഭരണത്തിൽ മൂന്നാം ഊഴം ലക്ഷ്യമിട്ടുള്ള കൃത്യമായ ‘അജണ്ട’യാണ് ബി.ജെ.പി സർക്കാറുകൾ ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്നത്. അതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ നേരിട്ടുമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പായാൽ വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങളെല്ലാം രാജ്യത്ത് പൊതുനിയമത്തിന് കീഴിലാണ് വരിക. ഈ വിഷയങ്ങളിൽ മതാടിസ്ഥാനത്തിൽ പ്രത്യേക സംവിധാനം പിന്നെ ഉണ്ടാകുകയുമില്ല.

ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ പരിഗണിക്കുന്നത് രാജ്യസഭ നിലവിൽ മാറ്റിവച്ച പശ്ചാത്തലത്തിൽ കൂടിയാണ് ഭരിക്കുന്ന സംസ്ഥാനങ്ങളെ മുൻ നിർത്തി വിഷയം സജീവമാക്കി നിർത്താൻ ബി.ജെ.പി നീക്കങ്ങൾ നടത്തുന്നത്. സിപിഎം എംപിമാർ എതിർത്ത് കത്ത് നൽകിയതോടെയാണ് സ്വകാര്യ ബിൽ അവതരണം ‘ത്രിശങ്കുവിൽ’ ആയിരിക്കുന്നത്. രാജസ്ഥാനിൽ നിന്നുള്ള സ്വതന്ത്ര അംഗം കിരോഡി ലാൽ മീണയ്ക്കാണ്, സി.പി.എം എതിർപ്പിനെ തുടർന്ന് വീണ്ടും ബിൽ അവതരിപ്പിക്കുന്നത് മാറ്റി വയ്‌ക്കേണ്ടി വന്നിരിക്കുന്നത്. ഇതേ തുടർന്ന്, ഏകീകൃത സിവിൽ നിയമത്തിന്റെ സാധ്യത പരിശോധിക്കാൻ, കേന്ദ്രസർക്കാർ വീണ്ടും നിയമകമ്മീഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഏകീകൃത സിവിൽ നിയമത്തിനായുള്ള സ്വകാര്യ ബിൽ മൂന്നാം തവണയാണ് അവതരിപ്പിക്കാതെ മാറ്റി വച്ചിരിക്കുന്നത്. സ്വകാര്യ ബില്ലിനെതിരെ സി.പി.എം അംഗം എളമരം കരീമാണ് രേഖാമൂലം സഭാ അദ്ധ്യക്ഷന് പരാതി നൽകിയിരുന്നത്. രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്നതാവും ബില്ലെന്നും എളമരം കരീം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോടതി വിധികളെക്കുറിച്ച് തെറ്റായ വ്യാഖ്യാനമാണ് ബില്ലിലുള്ളതെന്നും സി.പി.എം നേതാവ് തുറന്നടിച്ചിട്ടുണ്ട്. മുസ്ലീംലീഗ്, കോൺഗ്രസ്സ് അംഗങ്ങൾ നോക്കി നിൽക്കെയാണ് തന്റെ പാർട്ടി നിലപാട് എളമരം കരീം രാജ്യസഭയിൽ തുറന്നു പറഞ്ഞിരിക്കുന്നത്.

ഇതേ തുടർന്നാണ് ബില്ലവതരിപ്പിക്കാതെ കിരോഡിലാൽ മീണയ്ക്കും മാറി നിൽക്കേണ്ടി വന്നിരുന്നത്. അംഗങ്ങളുടെ എണ്ണത്തിലല്ല നിലപാടിലാണ് കാര്യമെന്നത് പലവട്ടം പാർലമെന്റിൽ സി.പി.എം തെളിയിച്ച കാര്യമാണ്. അതു തന്നെയാണ് ഏകീകൃത സിവിൽ നിയമത്തിന്റെ കാര്യത്തിൽ എളമരം കരീമും പിൻതുടർന്നിരിക്കുന്നത്.

ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് പഠിക്കാൻ ഇരുപത്തിയൊന്നാം നിയമകമ്മീഷനെയാണ് മുൻപ് കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ നിയമം കൊണ്ടു വരാനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു വിശദമായ ചർച്ചയ്ക്കു ശേഷം കമ്മീഷൻ സ്വീകരിച്ചിരുന്ന നിലപാട്. സമവായം ഇല്ലാതെ നിയമം കൊണ്ടു വരേണ്ടതില്ലെന്ന് വ്യക്തമായി തന്നെ കമ്മീഷന്റെ വിശദമായ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനു ശേഷം 75,000 പ്രതികരണങ്ങളാണ് സർക്കാരിന് ലഭിച്ചിരുന്നത്. തുടർന്ന് ഏകീകൃത സിവിൽ നിയമം വേണമെന്ന ഹർജികളിൽ ചില കോടതികൾ കേന്ദ്രത്തിന് നോട്ടീസ് അയയ്ക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ഇതു വീണ്ടും നിയമകമ്മീഷന് വിടാൻ കേന്ദ്ര സർക്കാർ തീരുമാനമെടുത്തിരുന്നത്.

ഇരുപത്തിരണ്ടാം നിയമകമ്മീഷൻ രൂപീകരിച്ച ശേഷം വിഷയം കമ്മീഷന് വിടുമെന്നാണ് കേന്ദ്രമന്ത്രി മന്ത്രി കിരൺ റിജിജു നൽകിയിരിക്കുന്ന സൂചന. ഇതിനു തൊട്ടു പിന്നാലെയാണിപ്പോൾ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും ഏക സിവിൽ നിയമം നടപ്പാക്കാനുള്ള നീക്കവുമായി മുന്നോട്ട് പോയിരിക്കുന്നത്. ഇത് സംഘപരിവാറിന്റെ ‘തിരക്കഥ’ പ്രകാരമാണെന്ന ആരോപണം ശക്തമാകുന്നതും ഈ പശ്ചാത്തലത്തിലാണ്.

ബിജെപിയുടെ അടിസ്ഥാന വിഷയങ്ങളിൽ… രാമക്ഷേത്രം, ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എന്നിവയ്ക്കു ശേഷം ഏകീകൃത സിവിൽ നിയമമാണ് പ്രധാനമായുള്ളത്. അത് ലോകസഭ തിരഞ്ഞെടുപ്പിനു മുൻപ് തന്നെ നടപ്പാക്കണമെന്നതാണ് ആർ.എസ്.എസും ആവശ്യപ്പെട്ടിരിക്കുന്നത്.

മോദി സർക്കാർ മൂന്നാം ഊഴം ആഗ്രഹിക്കുമ്പോൾ ഇത്തവണ പറയാൻ രാമക്ഷേത്രവും ജമ്മു കശ്മീരും ഒന്നും അവർക്ക് മുന്നിൽ ഇല്ലാത്തതിനാൽ ഏക സിവിൽ കോഡ് തന്നെയാണ് പ്രധാനമായും പറയാനുള്ളത്. അതുവഴി വോട്ടെടുപ്പിൽ ഒരു ധ്രുവീകരണമാണ് കാവിപ്പടയുടെ ലക്ഷ്യം. അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകളാണ് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇപ്പോൾ വ്യാപകമായി നടക്കുന്നത്. ഇതിന്റെ പ്രത്യാഘാതം എന്താണെന്നത് കണ്ടു തന്നെ അറിയേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

പ്രത്യേകിച്ച് ഡൽഹി ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ സാമുദായിക സൗഹൃദം തകർക്കാൻ ബോധപൂർവ്വമായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഏതെങ്കിലും വിഭാഗങ്ങളെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നത് നിയമവാഴ്ചയും മതസൗഹാർദ്ദവും തകർക്കാനാണ് ഇടവരുത്തുക. അക്കാര്യത്തിൽ പൊതു സമൂഹത്തിലും ആശങ്കകൾ ശക്തമാണ്. ഈ യാഥാർത്ഥ്യം ഉൾകൊണ്ടു വേണം ഉത്തരവാദിത്വപ്പെട്ട ഭരണകൂടങ്ങളും തീരുമാനമെടുക്കുവാൻ. അതിനു അവരെ നിർബന്ധിതമാക്കാൻ മതേതര പാർട്ടികളാണ് ശക്തമായി രംഗത്തു വരേണ്ടത്. രാജ്യം ആഗ്രഹിക്കുന്നതും അതു തന്നെയാണ്….

EXPRESS KERALA VIEW

Top