മോഹൻലാൽ വലിയ കുരുക്കിലോ ? ബി.ജെ.പിയുടെ നീക്കവും ‘തന്ത്രപരം’

ടൻ മോഹൻലാലിന്റെ ബ്ലോഗ് എഴുത്തൊക്കെ, ഇപ്പോൾ ശരിക്കും നിലച്ച മട്ടാണുള്ളത്. മുൻപൊക്കെ എല്ലാമാസവും ബ്ലോഗ് എഴുതാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. വലിയ വാദപ്രതിവാദങ്ങൾക്ക് വഴിയൊരുക്കുന്നതായിരുന്നു, ലാലിന്റെ ബ്ലോഗെഴുത്തിൽ മിക്കവയും…. എല്ലാ മാസവും ഇരുപത്തിയൊന്നാം തിയതിയാണ് ലാൽ ബ്ലോഗ് എഴുതാറുള്ളത്. പെട്ടന്ന് അതു നിർത്തി കളഞ്ഞത് അദ്ദേഹത്തിന്റെ ആരാധകരെ സംബന്ധിച്ചും വലിയ നിരാശയാണ് സമ്മാനിച്ചിരുന്നത്. എന്തു കൊണ്ട് ബ്ലോഗ് എഴുത്ത് നിർത്തി എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ മറുപടി ലാൽ നൽകിയിട്ടില്ല. വലിയ തിരക്കുള്ള സമയത്തു പോലും ബ്ലോഗിലൂടെ തന്റെ അഭിപ്രായം പറഞ്ഞ ലാലിന് തിരക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനും ഇനി സാധ്യമല്ല. സെൻസിറ്റീവായ വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടി വരുമെന്നതാണ് ലാലിനെ പുറകോട്ടടിപ്പിച്ചിരിക്കുന്നത്. ഉദാഹരണത്തിന്… ഇപ്പോൾ ലാൽ ബ്ലോഗ് എഴുതാൻ തീരുമാനിച്ചാൽ കെ.റെയിലിൽ അഭിപ്രായം പറയേണ്ടി വരും എന്നത് ഉറപ്പാണ്. അതാകട്ടെ എതിരായാലും അനുകൂലമായാലും വിമർശനവും ഉറപ്പാണ്. മുൻപ് കേന്ദ്ര സർക്കാറിന്റെ പരിഷ്‌ക്കാരങ്ങളെ പിന്തുണച്ച് വന്നപ്പോഴും ഈ എതിർപ്പ് ലാലിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം, നടൻ ദിലീപിനെതിരായ കേസിൽ ലാൽ ഇതുവരെ ബ്ലോഗിലൂടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ നടൻ വിജയ് ബാബു ഉൾപ്പെട്ട ഇപ്പോഴത്തെ കേസിലും അദ്ദേഹം നിലപാട് പറയാൻ സാധ്യതയില്ല. ഈ വിഷയം ചർച്ച ചെയ്ത താര സംഘടനയുടെ യോഗത്തിൽ പോലും പങ്കെടുക്കാതെ മാറി നിന്ന പ്രസിഡന്റാണ് മോഹൻലാൽ. അദ്ദേഹം ഇപ്പോൾ ഒരു വിവാദത്തിലും പെടാൻ ആഗ്രഹിക്കുന്നില്ല. ആരെയും ശത്രുവാക്കാനും താൽപ്പര്യമില്ല. ഇനിയും ബ്ലോഗ് എഴുത്ത് തുടർന്നാൽ വെട്ടിലാകുമെന്ന് കണ്ടു തന്നെയാണ് ഈ പിൻവാങ്ങൽ.

ആനക്കൊമ്പ് കേസ് മുതൽ ലാലിനെതിരെ ഉപയോഗിക്കാൻ… എതിരാളികളുടെ കൈവശവും നിറയെ ആയുധങ്ങളുണ്ട്. അതും … ഒരു യാഥാർത്ഥ്യമാണ്.എന്നാൽ, ‘വടി കൊടുത്ത് അടി മേടിക്കണ്ട’ എന്ന ലാലിന്റെ ഈ നിലപാട് അദ്ദേഹത്തിന്റെ സംഘ മിത്രങ്ങൾക്ക് അത്രയ്ക്കങ്ങ് സുഖിച്ചിട്ടില്ല. ‘എല്ലാ തോണിയിലും കാലു വയ്ക്കുന്ന ഏർപ്പാട് ‘ ലാൽ നിർത്തണമെന്ന അഭിപ്രായം പരിവാർ സംഘടനകൾക്കിടയിലും ശക്തമാണ്. ആർ.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള സേവാഭാരതിയുമായി നിരന്തരം സഹകരിച്ചിരുന്ന താരമാണ് മോഹൻലാൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചും അദ്ദേഹത്തെ പുകഴ്ത്തി ബ്ലോഗ് എഴുതിയും ബി.ജെ.പിയുടെ ഗുഡ് ലിസ്റ്റിൽ ഇടംപിടിക്കാനും ലാലിന് ഇതിനകം തന്നെ കഴിഞ്ഞിട്ടുണ്ട്. ‘പത്മഭൂഷൺ’ ലാലിന് ലഭിച്ചതും കേന്ദ്ര സർക്കാർ പ്രത്യേകം താൽപ്പര്യമെടുത്തതു കൊണ്ടു മാത്രമാണ്. മെഗാസ്റ്റാർ മമ്മുട്ടിക്ക് ലഭിക്കാത്ത പുരസ്‌ക്കാരം കൂടിയാണിത്. ഇതേക്കുറിച്ച് മുൻപ് ജോൺ ബ്രിട്ടാസ് നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധേയമാണ്. ‘മമ്മൂട്ടിക്ക് തന്റെ രാഷ്ട്രീയം തുറന്ന് പറയുവാൻ ഭയമില്ലന്നും അതു തന്നെയാണ് പദ്മഭൂഷൺ ലഭിക്കാൻ തടസ്സമെന്ന് താൻ വിശ്വസിക്കുന്നതെന്നുമാണ് ജോൺ ബ്രിട്ടാസ് തുറന്നടിച്ചിരുന്നത്. ഈ പ്രതികരണത്തിലൂടെ പത്മ പുരസ്‌ക്കാര ‘സെലക്ഷനെ’യാണ് ബ്രിട്ടാസ് ചോദ്യം ചെയ്തിരുന്നത്.


ആർ.എസ്.എസ് നേതൃത്വവുമായി ഏറെ അടുപ്പം പുലർത്തുന്ന മോഹൻലാലിനെ തിരഞ്ഞെടുപ്പിൽ രംഗത്തിറക്കാനും കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ശ്രമിച്ചിരുന്നു. ഇക്കാര്യം ഒ രാജഗോപാൽ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. കേരളത്തിൽ ഭരണം പിടിക്കാൻ ലാലിനെ പോലെ ജനപിന്തുണയുള്ള സെലിബ്രിറ്റി വേണമെന്നതാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും ആഗ്രഹിക്കുന്നത്. ലാൽ – സുരേഷ് ഗോപി ടീമിന് അതിനു സാധിക്കുമെന്നതാണ് കാവിപ്പടയുടെ പ്രതീക്ഷ. ഈ സമ്മർദ്ദങ്ങളിൽ നിന്നെല്ലാം… തന്ത്രപൂർവ്വം ഒഴിഞ്ഞു മാറിയിരുന്ന മോഹൻ ലാലിനെ വളഞ്ഞിട്ട് പിടിക്കാൻ തന്നെയാണ് ബി.ജെ.പിയുടെ ഇപ്പോഴത്തെ ശ്രമം. അതിന്റെ ഭാഗമായാണ്, എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ നീക്കമെന്നാണ്, രാഷ്ട്രീയ നിരീക്ഷകരും സംശയിക്കുന്നത്.

പുരാവസ്തു തട്ടിപ്പിലൂടെ കോടികൾ തട്ടിയെടുത്ത മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യം ചെയ്യാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മോഹൻലാലിന് ഇ.ഡി നോട്ടീസും അയച്ചിട്ടുണ്ട്. ഈ കേസിന് പുറമേ മറ്റൊരു കേസിലും എൻഫോഴ്‌സ്‌മെന്റ് സംഘം മോഹൻലാലിന്റെ മൊഴിയെടുക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. അതാകട്ടെ, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുമാണ്.ഇത്തരമൊരു അസാധാരണ നീക്കം കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ഇ.ഡി ഒരിക്കലും നടത്തില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോഹൻലാലിനെ സമ്മർദ്ദത്തിലാക്കി ‘വരുതിയിൽ’ കൊണ്ടുവരാനുള്ള നീക്കമായും ഈ നടപടി ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

EXPRESS KERALA VIEW

 

Top