ഇന്ദ്രപ്രസ്ഥം കൈപ്പിടിയിലാക്കാന്‍ ബിജെപി; പ്രാചാരണത്തിന് ഇറങ്ങുന്നത് ‘കൊമ്പന്‍’

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ചൂട് കനക്കുന്ന സാഹചര്യത്തില്‍ ബിജെപിയുടെ പ്രചാരണം കൊഴുപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡല്‍ഹിയിലേക്ക് എത്തുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ അധികാരം കൈപ്പിടിയിലാക്കുക എന്ന ലക്ഷ്യവുമായി രണ്ട് ദിവസങ്ങളിലായാണ് മോദി പ്രചാരണത്തിന് എത്തുന്നത്. കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധനാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായി ഫെബ്രുവരി മൂന്നിന് സിബിഡി ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് ശേഷം 2.30നാണ് മോദിയുടെ ആദ്യ പൊതുയോഗം നടക്കും. പിന്നീട് ഫെബ്രുവരി നാലിന് രാംലീല മൈതാനത്ത് രണ്ടാമത്തെ യോഗം നടക്കും. ഫെബ്രുവരി അഞ്ചിന് വൈകുന്നേരം അഞ്ചിനാണ് പരസ്യ പ്രചാരണം അവസാനിക്കുക.

അതേസമയം, ഡല്‍ഹിയില്‍ ബിജെപിക്ക് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണവിലക്ക് വന്നിട്ടുണ്ട്. ഇതെല്ലാം മറികടന്നാണ് ബിജെപി അങ്കത്തിന് ഒരുങ്ങുന്നത്. വര്‍ഗീയ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, ബിജെപി എംപി എന്നിവരെ കമ്മീഷന്‍ പ്രചാരണ പരിപാടികളില്‍ നിന്ന് വിലക്കിയിട്ടുണ്ട്. അനുരാഗ് താക്കൂറിന് 72 മണിക്കൂര്‍, ബിജെപി എംപിക്ക് 96 മണിക്കൂര്‍ നേരത്തേക്കും പ്രചാരണത്തിന് ഇറങ്ങനാന്‍ സാധിക്കില്ല എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ, ഇരുനേതാക്കളെയും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രചാരണവിലക്കും വന്നിരിക്കുന്നത്.

Top