മണിപ്പുരിലെ കലാപത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടില്ലെങ്കിൽ രാജിവെക്കുമെന്ന് ബിജെപി എംഎൽഎമാർ

ഇംഫാൽ : മണിപ്പുരിലെ വംശീയകലാപത്തിൽ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം രാജിവയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ബിജെപി എംഎൽഎമാർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ അറിയിച്ചു. മെയ്തെയ് വിഭാഗത്തിൽപെട്ട 10 ബിജെപി എംഎൽഎമാർ ഉൾപ്പെടെ 14 നിയമസഭാംഗങ്ങളാണ് സ്പീക്കർ സത്യബ്രതയുടെ നേതൃത്വത്തിൽ ഗുവാഹത്തിയിലെത്തി ഷായെ കണ്ടത്. നാഷനൽ പീപ്പിൾസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട് എന്നിവരുടെ 2 വീതം എംഎൽഎമാരും സംഘത്തിലുണ്ടായിരുന്നു.

കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കാത്തതിനാൽ ഇംഫാൽ താഴ്‌വരയിലെ മെയ്തെയ് വിഭാഗം ക്ഷുഭിതരാണെന്നും 2 മന്ത്രിമാരുടെ വീടുകൾ ആക്രമിച്ച സാഹചര്യമുണ്ടായതായും എംഎൽഎമാർ അറിയിച്ചു. തിങ്കൾ മുതൽ 3 ദിവസം ഷാ മണിപ്പുരിൽ സന്ദർശനം നടത്തുന്നുണ്ട്.

സർക്കാരുമായി വെടിനിർത്തൽ കരാറിൽ ഒപ്പിട്ട കുക്കി സായുധ സംഘടനകൾ വീണ്ടും സജീവമായതായും എംഎൽഎമാർ പറഞ്ഞു. അസം റൈഫിൾസ് ഉൾപ്പെടെയുള്ള കേന്ദ്ര സേനകൾ പ്രക്ഷോഭകാരികളുമായി സഹകരിക്കുന്നുവെന്ന ആക്ഷേപം ജനങ്ങൾക്കുണ്ട്. പോപ്പി കൃഷിക്കു പിന്നിലുള്ള ലഹരി സംഘങ്ങൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും അവർ പരാതിപ്പെട്ടു.

മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായി ദേശീയ പൗരത്വ റജിസ്റ്റർ എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് 4 മന്ത്രിമാർ ഉൾപ്പെട്ട സംഘം ആവശ്യപ്പെട്ടു. മണിപ്പുർ ശാന്തമാക്കുകയും ജനങ്ങൾക്കിടയിൽ പരസ്പരവിശ്വാസമുണ്ടാക്കുകയുമാണ് സർക്കാരിന്റെ പ്രഥമ ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു. എംഎൽഎമാർ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുമായും ചർച്ച നടത്തി. ഇംഫാലിൽ 29ന് എത്തുന്ന ഷാ മെയ്തെയ്- കുക്കി വിഭാഗങ്ങളുമായി ചർച്ച നടത്തും. മിസോറമിൽ അഭയം തേടിയിരുന്ന കുക്കി എംഎൽഎമാർ സംസ്ഥാനത്തേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.

അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിൽ കർഫ്യൂ ഇളവ് നൽകി. രാവിലെ 5 മുതൽ 12 വരെയാണ് ഇളവ്. നേരത്തേ വൈകിട്ട് 4 വരെ ഇളവ് നൽകിയിരുന്നെങ്കിലും ന്യൂചെക്കോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ കലാപത്തെത്തുടർന്ന് വീണ്ടും കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷസാധ്യതയുള്ള ഏതാനും നഗരഭാഗങ്ങളിൽ സമ്പൂർണ കർഫ്യൂ തുടരുകയാണ്.

Top