‘ഐ ആം സവര്‍ക്കര്‍’, തൊപ്പി വെച്ച് ബിജെപി എംഎല്‍എമാര്‍;രാഹുലിനെതിരെ നിയമസഭയില്‍ പ്രതിഷേധം

വര്‍ക്കര്‍ക്കെതിരായ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എമാര്‍. മഹാരാഷ്ട്ര നിയമസഭയുടെ ശീതകാല സമ്മേളനത്തിന് എംഎല്‍എമാര്‍ ‘ഐ ആം സവര്‍ക്കര്‍’ എന്ന് എഴുതിയ തൊപ്പികള്‍ ധരിച്ചാണ് എത്തിയത്.

മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസടക്കം സവര്‍ക്കറുടെ പേര് എഴുതിയ തൊപ്പി ധരിച്ചാണ് എത്തിയത്. രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം മോശമാണെന്നും അതിന് അദ്ദേഹം മാപ്പ് പറയണമെന്നും കഴിഞ്ഞ ദിവസം ഫഡ്നാവിസ് പറഞ്ഞിരുന്നു. ‘സവര്‍ക്കറിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം അദ്ദേഹം പഠിച്ചിട്ടുണ്ടാകില്ല’. ഫഡ്‌നാവിസ് പറഞ്ഞു.

ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ചപ്പോഴാണ് ഫഡ്‌നാവിസ് സവര്‍ക്കറിനെതിരെയുള്ള പരാമര്‍ശത്തിന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച പാര്‍ലമെന്റില്‍ കോളിളക്കമുണ്ടാക്കിയ ‘ബലാത്സംഗം’ എന്ന പ്രസ്താവനയില്‍ ക്ഷമ പറയണമെന്ന് ബിജെപി നേതാക്കളുടെ ആവശ്യത്തിന് പുല്ലുവിലയാണ് രാഹുല്‍ കല്‍പിച്ചിരിക്കുന്നത്. താന്‍ മരിച്ചാലും ക്ഷമ ചോദിക്കില്ലെന്നാണ് രാഹുലിന്റെ ന്യായീകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപയോഗിച്ച് ഇന്ത്യക്കാര്‍ ഏറ്റെടുത്ത വാക്കാണ് ‘മേക്ക് ഇന്‍ ഇന്ത്യ’. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും ബലാത്സംഗം ആണ്. ഇപ്പോള്‍ ഇന്ത്യ ‘റേപ്പ് ഇന്‍ ഇന്ത്യ’ ആണ് എന്നായിരുന്നു രാഹുലിന്റെ വിവാദ പരാമര്‍ശം. മാത്രമല്ല ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എംഎല്‍എ തന്നെ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യ പങ്കാളിയായ ശിവസേന, രാഹുലിന്റെ വിവാദ പരാമര്‍ശത്തിന് മണിക്കൂറുകള്‍ക്ക് ശേഷം സവര്‍ക്കര്‍ ‘ബഹുമാനിക്കപ്പെടേണ്ട ഒരു ദൈവമാണ്’ എന്ന് വിശേഷിപ്പിച്ചു.

തുടര്‍ന്ന് സേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്ത് രാഹുലിന്റെ പരാമര്‍ശത്തില്‍ സങ്കടമുണ്ടെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിരുന്നു

Top