മുസ്ലിങ്ങള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

ഡൽഹി: രാജ്യത്തെ ശാസ്ത്രജ്ഞരെയും പൊലീസിനെയും വിശ്വാസമില്ലാത്ത മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകട്ടേ എന്ന പ്രസ്താവനയുമായി ഉത്തര്‍ പ്രദേശ് ബിജെപി എംഎല്‍എ സംഗീത് സോം. കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴായിരുന്നു എംഎല്‍എ മുസ്ലീംകള്‍ക്കെതിരെ രംഗത്ത് വന്നത്.

“നിർഭാഗ്യവശാൽ ചില മുസ്‌ലിംകൾക്ക് രാജ്യത്തെ ശാസ്ത്രജ്ഞരിലും പൊലീസിലും വിശ്വാസമില്ല. അവർക്ക് പ്രധാനമന്ത്രിയെയും വിശ്വാസമില്ല.അവര്‍ക്ക് പാക്കിസ്ഥാനേയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ”- സോം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ആം ആദ്മി പാർട്ടി എം‌എൽ‌എ സോംനാഥ് ഭാരതിക്കെതിരെയും സംഗീത് സോം വിമര്‍ശനമുന്നയിച്ചു. സോംനാഥ് ഭാരതി കുറച്ച് മാസങ്ങള്‍ ജയിലിലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഗുണ്ടകളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു വിമർശനം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെയും സോം വിമര്‍ശിച്ചു. കെജ്‌രിവാളിന്റെ ബുദ്ധി ദുഷിച്ചതാണെന്നായിരുന്നു പരാമര്‍ശം.

പുതിയ കാർഷിക നിയമങ്ങളെച്ചൊല്ലിയുള്ള കർഷകരുടെ പ്രക്ഷോഭത്തെയും ബിജെപി നേതാവ് പരിഹസിച്ചു. ധർണ നടത്തുന്നവരിൽ ആരും കർഷകരില്ല. മറിച്ച് അവർ കർഷക വിരുദ്ധരാണെന്നായിരുന്നു സംഗീത് സോമിന്‍റെ ആരോപണം. ചന്ദൗസിയിലെ ആശിഷ് ഗാർഡനിൽ ഭാരതീയ ജനത മോർച്ചയുടെ (ബിജെവൈഎം) പരിപാടിയില്‍ പങ്കെടുക്കാനത്തിയപ്പോഴായിരുന്നു സോമിന്‍റെ വിവാദ പരാമര്‍ശങ്ങള്‍.

Top