പാര്‍ട്ടി എംഎല്‍എമാരെ പരിഗണിക്കുന്നില്ല, ബിജെപി എംഎല്‍എ രാജിവെച്ചു

വഡോദര: ഗുജറാത്തില്‍ ബിജെപി എംഎല്‍എ രാജിവെച്ചു. സാല്‍വി മണ്ഡലത്തിലെ കേതന്‍ ഇനാംദാറാണ് കഴിഞ്ഞ ദിവസം രാജിവെച്ചത്. തന്റെ മണ്ഡലത്തെ ഉദ്യോഗസ്ഥരും മന്ത്രിമാരും അവഗണിക്കുകയാണെന്ന് അദ്ദേഹം സ്പീക്കര്‍ക്ക് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. താന്‍ മാത്രമല്ല നിരവധി എംഎല്‍എമാര്‍ ഇത്തരത്തില്‍ അതൃപ്തരാണെന്ന് അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയില്‍ എംഎല്‍എമാര്‍ക്ക് വേണ്ട പരിഗമന കിട്ടുന്നില്ല എന്നും ബഹുമാനവും ആദരവും ലഭിക്കുന്നില്ല എന്നും അദ്ദേഹം രാജി നല്‍കിയ ശേഷം ആരോപിച്ചു. തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കൂട്ടാക്കുന്നില്ലെന്നും എംഎല്‍എ വാര്‍ത്താഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

സ്പീക്കര്‍, മുഖ്യമന്ത്രി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ എന്നിവര്‍ക്കാണ് രാജിക്കത്ത് നല്‍കിയത്.

അതേസമയം എംഎല്‍എ രാജിവെക്കേണ്ട സാഹചര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നുണ്ടെങ്കില്‍ പ്രശ്‌നം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറഞ്ഞു. മാത്രമല്ല ഇനാംദാറിന്റെ പ്രശ്‌നം പാര്‍ട്ടി പരിഗണിക്കുമെന്നും, പരിഹരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.

Top