ഡല്‍ഹിയില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ സഫ; വിവാദ ട്വീറ്റുമായി മജീന്ദര്‍ സിങ് സിര്‍സ

കരുവാരക്കുണ്ട്: പൗരത്വ നിയമ ഭേദഗതിക്കെതിരേ ഡല്‍ഹിയില്‍ നടക്കുന്ന അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ സഫ ഫെബിനാണെന്ന് ബി.ജെ.പി. സഖ്യകക്ഷിയായ അകാലിദള്‍ എം.എല്‍.എ. മജീന്ദര്‍ സിങ് സിര്‍സ. ഡിസംബര്‍ അഞ്ചിന് രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയ വേദിയിലെ സഫയുടെ ചിത്രങ്ങള്‍ സഹിതമാണ് എം.എല്‍.എ ട്വീറ്റ് ചെയ്തത്.

ഡല്‍ഹിയിലെ അക്രമാസക്തമായ പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍ ആരാണന്ന് വ്യക്തമായി എന്ന അടിക്കുറുപ്പോടെയാണ് സഫ ഫെബിന്റെ ചിത്രങ്ങള്‍ മജീന്ദര്‍ സിങ് സീര്‍സ പോസ്റ്റു ചെയ്തത്.

കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ഗാന്ധിയുടെ പ്രഭാഷണമായിരുന്നു സഫ ഫെബിന്‍ പരിഭാഷപ്പെടുത്തിയത്. സംഭവത്തിനുശേഷം ഒട്ടനവധി അഭിനന്ദനങ്ങള്‍ സഫയെ തേടിയെത്തിയിരുന്നു. ഇതിനു പിറകെയാണ് സഫയുടെ ഫോട്ടോ ഉള്‍പ്പെടുത്തി ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിനു പിന്നില്‍ ഇവരാണെന്നു പറയുന്ന പോസ്റ്റ് ഇട്ടത്.

കരുവാരകുണ്ടിലെ സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയെത്തിപ്പോള്‍ സഫ പ്രസംഗം പരിഭാഷപ്പെടുത്തിയ വേദിയിലെ രണ്ടു ചിത്രങ്ങളും ഡല്‍ഹിയിലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്ന പെണ്‍കുട്ടിയും ഒരാളാണന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് പോസ്റ്റ്.

സംഭവത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുളള ചിത്രങ്ങള്‍ ദുരൂപയോഗം ചെയ്ത് മകളെ അപമാനിക്കാന്‍ ശ്രമിച്ചതിന് മജീന്ദര്‍ സിങ് സീര്‍സക്കെതിരെ സഫ ഫെബിന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഡല്‍ഹി സിക്ക് ഗുരുദ്വാര മാനേജിങ് കമ്മിറ്റി പ്രസിഡന്റും രജൗറി ഗാര്‍ഡനിലെ എം.എല്‍.എയുമായ മജീന്ദര്‍ സിങ് സീര്‍സയുടെ പോസ്റ്റ് നീക്കാന്‍ നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 

 

 

Top