കൊല, അഴിമതി കേസുകളിലെ പ്രതികള്‍ക്ക് എംഎല്‍എ ടിക്കറ്റ് നല്‍കി ബിജെപി; പ്രതിഷേധം

റാഞ്ചി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമേല്‍ നിരന്തരം അഴിമതി ഉന്നിയിക്കുന്ന ബിജെപി ഇപ്പോള്‍ ശരിക്കും വെട്ടിലായിരിക്കുകയാണ്. ബിജെപിയുടെ ജാര്‍ഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വിവാദത്തിലായിരിക്കുകയാണ്.

ഈ അടുത്തകാലത്ത് ബിജെപിയില്‍ ചേര്‍ന്ന ഭാനുപ്രതാപിനെയും ശശി ഭൂഷണെയും സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലും വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്. 130 കോടിയുടെ മരുന്ന് കുംഭകോണ കേസിലെ പ്രതിയാണ് ഭാനുപ്രതാപ്. മധു കോഡ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഭാനുപ്രതാപ് ഭവന്ത്പുര്‍ മണ്ഡലത്തില്‍ നിന്നാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സ്വകാര്യ കമ്പനികളില്‍ നിന്ന് മരുന്ന് വാങ്ങിയതില്‍ 130 കോടിയുടെ അഴിമതി നടത്തിയെന്നാണ് ഭാനുപ്രതാപിനെതിരെയുള്ള ആരോപണം. 2011ല്‍ ഭാനുപ്രതാപ് അറസ്റ്റിലായെങ്കിലും 2013ല്‍ ജാമ്യം ലഭിച്ചു.

തന്റെ സ്‌കൂളിലെ അധ്യാപികയെ കൊലപ്പെടുത്തിയ കേസാണ് ശശി ഭൂഷണിന്റെ പേരിലുള്ളത്. കഴിഞ്ഞ ഒക്ടോബറില്‍ മാത്രം ബിജെപിയില്‍ ചേര്‍ന്ന ശശി ഭൂഷണ്‍ പാങ്കി മണ്ഡലത്തില്‍ നിന്നാണ് എംഎല്‍എ ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

Top