രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎല്‍എ

FUEL PRICE

ബെംഗഌര്‍: രാജ്യത്തെ ഇന്ധന വിലവര്‍ധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും എംഎല്‍എയുമായ അരവിന്ദ് ബെല്ലാദ്. കര്‍ണാടക ഹൂബ്ലിധര്‍വാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ദ്ധനവ് ബിജെപിയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ബിജെപി എംഎല്‍എ.

‘അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പ്രതിസന്ധി കാരണം ക്രൂഡ് ഓയില്‍ വിതരണത്തില്‍ കുറവുണ്ടായിരുന്നു. അതിന്റെ ഫലമായി എല്‍പിജി, പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുകയാണ്. വോട്ടര്‍മാര്‍ വിലക്കയറ്റത്തിന്റെ കാരണം മനസ്സിലാക്കാനുള്ള വിവേകം ഉള്ളവരാണ്.’ അരവിന്ദ് ബെല്ലാദ് പറഞ്ഞു.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ച കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, ഇന്ധന വില സംബന്ധിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രി നിര്‍മ്മല സീതരാമനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കി. അതേ സമയം കര്‍ണാടക നഗര വികസന മന്ത്രി ബൈരാവീ ബസവരാജു ഇന്ധന വില വര്‍ദ്ധനവ് ഗൗരവമായ വിഷയമാണെന്നും, സര്‍ക്കാര്‍ ഇത് കാര്യമായി പരിഗണിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ അവസ്ഥ ഞങ്ങള്‍ മനസിലാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അടുത്ത മന്ത്രിസഭ യോഗത്തില്‍ ഉചിതമായ തീരുമാനം എടുക്കും ഇദ്ദേഹം അറിയിച്ചു.

ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ അതിന്റെ പ്രധാന വില്‍പ്പനക്കാരില്‍ ഇടം പിടിക്കുന്നില്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2021 ജൂലായ് വരെ, ഇന്ത്യയ്ക്ക് അസംസ്‌കൃത എണ്ണ വില്‍ക്കുന്ന ആദ്യ ആറ് രാജ്യങ്ങള്‍ ഇറാഖ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, നൈജീരിയ, അമേരിക്ക, കാനഡ എന്നിവയാണ്.

Top