ബിജെപിക്ക് ലഭിക്കുന്ന വോട്ടിന് അനുസരിച്ച് ഗ്രാമങ്ങളെ തരം തിരിക്കുമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പ്രസ്താവന നടത്തി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ മേനകാ ഗാന്ധി. തനിക്ക് കിട്ടുന്ന വോട്ടുകളുടെ എണ്ണമനുസരിച്ച് ഗ്രാമങ്ങളെ എ,ബി,സി,ഡി എന്നിങ്ങനെ തരംതിരിച്ചാകും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്നാണ് മേനകാ ഗാന്ധി പറഞ്ഞത്.

ബിജെപിക്ക് 80 ശതമാനം വോട്ട് കിട്ടുന്ന ഗ്രാമങ്ങളെ എ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തും. 60 ശതമാനം പേര്‍ മാത്രം ബിജെപിക്ക് വോട്ട് ചെയ്യുന്നിടം ബി കാറ്റഗറിയില്‍. 50 ശതമാനം വോട്ട് ലഭിക്കുന്ന ഗ്രാമങ്ങളെ സി എന്നും 30 ശതമാനവും അതിന് താഴെയുമുള്ള ഗ്രാമത്തെ ഡി എന്നും തരം തിരിച്ചാകും വികസനപ്രവര്‍ത്തനങ്ങള്‍ക്ക്
മുന്‍ഗണന നല്‍കുക.

താന്‍ മുമ്പ് മത്സരിച്ച പിലിഭിത്തില്‍ ഈയൊരു സംവിധാനം മികച്ച രീതിയില്‍ നടപ്പിലാക്കിയെന്നും അവര്‍ പറഞ്ഞു. നേരത്തെ മുസ്ലിംകള്‍ക്ക് നേരെ മേനകാ ഗാന്ധി ഭീഷണിമുഴക്കിയത് വലിയ വിവാദമായിരുന്നു. എനിക്ക് മുസ്ലിംകള്‍ വോട്ട് ചെയ്തില്ലെങ്കില്‍ ഞാന്‍ എംപിയായാല്‍ അവര്‍ക്ക് ഒരു സഹായവും നല്‍കില്ലെന്നായരുന്നു അവരുടെ പ്രസ്താവന.

മകന്‍ വരുണ്‍ ഗാന്ധി മത്സരിച്ചിരുന്ന സുല്‍ത്താന്‍പുരിലാണ് ഇത്തവണ മേനകാ ഗാന്ധി മത്സരിക്കുന്നത്. മേനക മത്സരിച്ചിരുന്ന പിലിഭിത്തില്‍ വരുണും മത്സരിക്കും.

Top