സിപിഎം നേതൃത്വത്തില്‍ നടന്ന റാലിയുടെ ചിത്രങ്ങള്‍ അടിച്ചുമാറ്റി ബി.ജെ.പി

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ സിപിഎം നേതൃത്വത്തില്‍ നടന്ന കൂറ്റന്‍ റാലിയുടെ ചിത്രങ്ങള്‍ അടിച്ചുമാറ്റി തങ്ങളുടേതാക്കി ബി.ജെ.പി.കോണ്‍ഗ്രസ്,ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട്(ഐ.എസ്.എഫ്) തുടങ്ങിയ സംഘടനകള്‍ അണിനിരന്ന സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള റാലി കഴിഞ്ഞാഴ്ച കൊല്‍ക്കത്ത ബ്രിഗേഡ് ഗ്രൗണ്ടില്‍ നടന്നിരുന്നു. ഈ റാലിയില്‍ ലക്ഷക്കണക്കിന് പേരായിരുന്നു പങ്കെടുത്തിരുന്നത്. ഇതിന്റെ ചിത്രങ്ങളെന്ന പേരില്‍ നിരവധി ഇടത്,കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കഴിഞ്ഞാഴ്ച മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതേ ഗ്രൗണ്ടില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി നടത്തിയ റാലിയില്‍ പങ്കെടുത്തവര്‍ എന്ന വ്യാജേനയാണ് സി.പി.എമ്മന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ബി.ജെ.പിക്കാരും സംഘപരിവാര്‍ക്കാരും പ്രചരിപ്പിക്കുന്നത്.

വസ്തുതാ പരിശോധന പോര്‍ട്ടലായ ആള്‍ട്ട് ന്യൂസ് നടത്തിയ പരിശോധനയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇടതുപരിപാടിയുടെ ചിത്രങ്ങളാണ് ഇതെന്ന് കണ്ടെത്തി. 2019ലും 2014ലും നടന്ന ഇടതുമുന്നണിയുടെ കൂറ്റന്‍ റാലിയുടെ ചിത്രമാണ് അടിച്ചുമാറ്റിയത്. റാലിയുടെ ചിത്രം കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാള്‍ സി.പി.എം ട്വീറ്റ് ചെയ്തിരുന്നു. ഇതില്‍ ചുവന്ന പതാകകള്‍ തെളിഞ്ഞുകാണാം. എന്നാല്‍, ബി.ജെ.പി ഹാന്‍ഡിലുകള്‍ ഈ കൊടികളെ കാവിയായി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്താണ് അവതരിപ്പിച്ചിരിക്കുന്നത്.

 

Top