ഉത്തര്‍പ്രദേശില്‍ മനേകാ ഗാന്ധിക്ക് പിലിഭിതില്‍ നിന്നും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയേക്കും

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളില്‍ 51 സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളായിക്കഴിഞ്ഞു. ഇനി 24 സീറ്റുകള്‍ മാത്രം. മനേകാ ഗാന്ധിക്ക് പിലിഭിതില്‍ നിന്നും മത്സരിക്കാന്‍ ബിജെപി സീറ്റ് നല്‍കിയേക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ ധാരണ രൂപപ്പെടുത്തിയതായാണ് വിവരം. വരുണ്‍ ഗാന്ധിക്ക് എന്നാല്‍ സീറ്റ് ലഭിക്കില്ല. ഉത്തര്‍പ്രദേശ് സംസ്ഥാന ഘടകത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി വരുണ്‍ ഗന്ധി നടത്തുന്ന വിമര്‍ശനങ്ങളാണ് സീറ്റ് നിരാകരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് പിലിഭിതില്‍. കഴിഞ്ഞ 28 വര്‍ഷമായി സീറ്റ് ഗാന്ധി കുടുംബത്തിന്റെ കൈപ്പിടിയിലാണ്.പിലിഭിതില്‍ 82 ശതമാനം ഗ്രാമീണ വോട്ടര്‍മാരും 18% നഗരത്തിലുള്ള വോട്ടര്‍മാരുമാണ്. 16% പേര്‍ എസ് സി വിഭാഗത്തില്‍ നിന്നുള്ളവരാണ്. 0.1% മാത്രമാണ് എസ്ടി വിഭാഗക്കാര്‍. 65% പേര്‍ ഹിന്ദു മതവിശ്വാസികളും, 25% പേര്‍ ഇസ്ലാം മതവിശ്വാസികളും 10% പേര്‍ മറ്റ് മതസ്ഥരുമാണ്.

1989 ലാണ് മനേക ഗാന്ധിപിലിഭിതിലെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. ജനതാദള്‍ സ്ഥാനാര്‍ത്ഥിയായി മണ്ഡലത്തില്‍ നിന്ന് വിജയിച്ചു കയറിയ മനേക 1996 സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും മണ്ഡലത്തില്‍ തന്റെ ആധിപത്യം ഉറപ്പിച്ചു. 2009 ല്‍ വരുണ്‍ ഗാന്ധിയും മണ്ഡലത്തില്‍ നിന്ന് വിജയം കൈവരിച്ചിട്ടുണ്ട്. അന്ന് 4.19 ലക്ഷം വോട്ടുകള്‍ക്കായിരുന്നു വിജയം. പിന്നീട് 2014, 2019 വര്‍ഷങ്ങളിലും ഗാന്ധി കുടുംബം മണ്ഡലത്തില്‍ കരുത്ത് തെളിയിച്ചു. ഇക്കുറി ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ വരുണ്‍ ഗാന്ധി സമാജ്വാദി പാര്‍ട്ടിയിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എസ്പി ഇതുവരെ പിലിഭത്തിലേയും രാംപൂരിലേയും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.

Top