കേരളത്തിൽ രാഷ്ട്രീയ ‘സർജിക്കൽ സ്ട്രൈക്കിന്’ ബി.ജെ.പി, കോൺഗ്രസ്സിനെ പിളർത്താൻ നീക്കം!

കേരളത്തിലും അധികം താമസിയാതെ തന്നെ വലിയ ഒരു രാഷ്ട്രീയ മാറ്റമാണ് ബി.ജെ.പി സ്വപ്നം കാണുന്നത്. 2024-ലെ ലോകസഭ തിരഞ്ഞെടുപ്പോടെ യു.ഡി.എഫ് തകർന്നടിയുമെന്ന് കണക്ക് കൂട്ടുന്ന ബി.ജെ.പി നേതൃത്വം. അതിനു ശേഷം ഇടതുപക്ഷത്തിന് ബദലായി എൻ.ഡി.എ ഉയർന്നു വരുമെന്ന പ്രതീക്ഷയിലാണ് ഉള്ളത്. ഈ ലക്ഷ്യത്തിലേക്ക് ചുവടുവയ്ക്കാൻ ലോകസഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലും നേടണമെന്നതാണ് ബി.ജെ.പി ദേശീയ നേതൃത്വം കേരള ഘടകത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മണ്ഡലങ്ങളിലാണ് ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിച്ചാൽ ജയസാധ്യത ഉണ്ടെന്നതാണ് പാർട്ടി നേതൃത്വത്തിന്റെ കണക്കു കൂട്ടൽ.

തിരുവനന്തപുരത്ത് സാക്ഷാൽ മോദി മത്സരിക്കണമെന്നതാണ് ബി.ജെ.പി അണികൾ ആഗ്രഹിക്കുന്നത്. യു.പിയിലെ സിറ്റിംങ്ങ് സീറ്റായ വാരാണസിക്കു പുറമെ തിരുവനന്തപുരത്തും മോദി മത്സരിച്ചാൽ അത് കേരളത്തിൽ ബി.ജെ.പിക്ക് ഉയർത്തെഴുനേൽപ്പിനുള്ള അവസരം സൃഷ്ടിക്കുമെന്ന കാര്യത്തിൽ ആർ.എസ്.എസ് നേതൃത്വത്തിനും സംശയമില്ല. നരേന്ദ്രമോദി തമിഴ് നാട്ടിൽ നിന്നും മത്സരിക്കണമെന്നു തമിഴ് നാട് ഘടകം അദ്ധ്യക്ഷൻ അണ്ണാമലൈയും ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഒരു സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. മോദിയുടെ തീരുമാനം തന്നെയാണ് അന്തിമമായി നടപ്പാക്കപ്പെടുക.

കേരളത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നും അനുകൂലമായ ചലനം ഉണ്ടായതും ‘യുവം’ പരിപാടി പ്രതീക്ഷിച്ച വിജയമായതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. എന്നാൽ മോദിയെയും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെയും അലട്ടുന്ന പ്രധാന പ്രശ്നം ജനസമ്മതിയുള്ള ഒരു നേതാവ് കേരളത്തിൽ ബി.ജെ.പിക്ക് ഇല്ലന്നതാണ്. ജനകീയനായ ഒരാളെ ഉയർത്തിക്കാട്ടാതെ ഒരിക്കലും ഒരു ബദൽ കേരളത്തിൽ അവതരിപ്പിക്കാൻ കഴിയില്ലന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച തന്ത്രം പോലെ കേരളത്തിലും മറ്റു പാർട്ടികളിലെ ജനകീയരായ നേതാക്കളെ അടർത്തി എടുക്കുക എന്ന നിർദ്ദേശമാണ് ടീം മോദി മുന്നോട്ട് വച്ചിരിക്കുന്നത്.

ഇടതുപക്ഷത്ത് നിന്നും ഏതെങ്കിലും നേതാവിനെ അടർത്തിയെടുക്കാൻ ശ്രമിച്ച് വെറുതെ സമയം കളയാൻ ബി.ജെ.പിക്ക് താൽപ്പര്യമില്ല. ശ്രമിച്ചാൽ നടക്കുന്ന കാര്യത്തിന്റെ പിന്നാലെ പോകാനാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്ന നിർദേശം. ബി.ജെ.പി പരിഗണിക്കുന്ന യു.ഡി.എഫ് നേതാക്കളുട ലിസ്റ്റിൽ കെ മുരളീധരൻ മുതൽ ശശി തരൂർ വരെയുണ്ട്. കൊല്ലം എം.പി എം.കെ പ്രേമചന്ദ്രനും ബി.ജെ.പിയുടെ ഗുഡ് ലിസ്റ്റിൽ ഇടംപിടിച്ച നേതാവാണ്. തരൂർ അനുകൂല നിലപാട് എടുത്തതിന്റെ പേരിൽ കോൺഗ്രസ്സ് നേതൃത്വത്തിന് അനഭിമതനായ കോഴിക്കോട് എം.പിയായ എം.കെ രാഘവൻ ഉൾപ്പെടെയുള്ളവരെയും ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നുണ്ട്.

ഇവരുടെ ഭാഗത്ത് നിന്നും അനുകൂലമായ ചെറിയ ഒരു താൽപ്പര്യം പ്രകടമായാൽപ്പോലും മോദി അടക്കമുള്ള നേതാക്കൾ തന്നെ നേരിട്ട് ചർച്ചക്കെത്തും. കോൺഗ്രസ്സിൽ ഒരു പിളർപ്പുണ്ടാക്കി പിളർന്നു വരുന്ന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പാർട്ടിയുണ്ടാക്കി ആ പാർട്ടിയെ എൻ.ഡി.എയിൽ എടുക്കുക എന്ന മാർഗ്ഗവും ബി.ജെ.പി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ജമ്മുകശ്മീരിൽ ഗുലാംനബി ആസാദ് ബി.ജെ.പിയോട് സഖ്യമുണ്ടാക്കാൻ പോകുന്നതും ഇതേ രൂപത്തിൽ തന്നെയാണ്. കേരളത്തിലെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും അധികം സ്വാധീനമുള്ളത് കെ.മുരളീധരനും ശശിതരൂരിനുമാണ് എന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. അതു കൊണ്ടു തന്നെ ഇവരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

കാബിനറ്റ് റാങ്കോടെ കേന്ദ്രമന്ത്രി പദം നൽകി സ്വീകരിക്കാൻ വരെ ബി.ജെ.പി ഒരുക്കമാണ്. ജനപിന്തുണയുള്ള നേതാക്കൾ ആയതിനാൽ മുരളി ആയാലും തരൂർ ആയാലും ഇവർ ബി.ജെ.പിയോട് സഹകരിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ വരെ ബി.ജെ.പി കേന്ദ്ര നേതൃത്വം തയ്യാറാണ്. താൻ ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്ത തൽക്കാലം കെ.മുരളീധരൻ നിഷേധിച്ചിട്ടുണ്ടെങ്കിലും ഭാവിയിൽ അതിനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളയാൻ കഴിയുകയില്ല. കോൺഗ്രസ്സിൽ നിന്നും അവഗണന തുടരുകയും ലോകസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് കേരളത്തിലും തകർന്നടിയുകയും ചെയ്താൽ തരൂരിനും മുരളീധരനും മുന്നിലുള്ള പ്രധാന ഓപ്ഷൻ ബി.ജെ.പി ആയിരിക്കും.

വലിയ വായിൽ ബി.ജെ.പി വിരുദ്ധത പ്രസംഗിച്ച മുൻ ദേശീയ നേതാക്കൾ ഉൾപ്പെടെ ബി.ജെ.പി പാളയത്തിൽ എത്തിയ സ്ഥിതിക്ക് കേരളത്തിലെ കോൺഗ്രസ്സ് നേതാക്കൾക്കും മാറി ചിന്തിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്. ഇത്തരം ഒരു വിലയിരുത്തലിന് യുക്തി സഹമായ കാരണങ്ങളുമുണ്ട്. കാരണം കമ്യൂണിസ്റ്റു പാർട്ടികളുടെ സംഘടനാ രീതിവച്ച് അവർക്ക് മറ്റു പാർട്ടികളിലെ നേതാക്കളെ ഉൾക്കൊള്ളാൻ പരിമിതികൾ ഉണ്ട്. എം.എൽ.എയും എം.പിയുമൊക്കെ ആക്കാൻ തടസ്സമില്ലങ്കിലും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നതു പോലുള്ള ഒരു പരിഗണന കോൺഗ്രസ്സ് വിട്ടു വരുന്നവർക്ക് നൽകാൻ കമ്യൂണിസ്റ്റു പാർട്ടികൾക്കു കഴിയില്ല. മാത്രമല്ല പാർട്ടി നേതൃത്വത്തിലേക്ക് ഉയർത്തി കൊണ്ടു വരാനും സംഘടനാപരമായ പരിമിതികൾ ഉണ്ടാകും.

ഇവിടെയാണ് ബി.ജെ.പി വ്യത്യസ്തമാക്കുന്നത്. കോൺഗ്രസ്സ് വിട്ടുവന്ന എ.പി അബ്ദുള്ളക്കുട്ടിയെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാക്കിയ പാർട്ടിയാണത്. അതു കൊണ്ട് ബി.ജെ.പി ഒരു ഓഫർ മുന്നോട്ട് വച്ചാൽ അത് നടക്കുമെന്ന കാര്യവും ഉറപ്പാണ്. ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സൃഷ്ടിച്ച ശൂന്യതയാണ് സംസ്ഥാനത്തെ കോൺഗ്രസ്സിന് നിലവിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. കോൺഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന പരമ്പരാഗത ക്രൈസ്തവ വോട്ടുകൾ ജോസ് കെ മാണി വിഭാഗം കേരള കോൺഗ്രസ്സിന്റെ മുന്നണി മാറ്റത്തോടെ വലിയ രൂപത്തിൽ നഷ്ടപ്പെട്ടതും അപ്രതീക്ഷിത തിരിച്ചടിയാണ്. ഈ സാഹചര്യം മുതലാക്കാൻ ബി.ജെ.പി രംഗത്തിറങ്ങിയപ്പോൾ സഭ നേതൃത്വത്തിന് വിശ്വാസമുള്ള ഒരു നേതാവ് പോലും അരമന കയറിയിറങ്ങാൻ കോൺഗ്രസ്സിന് ഉണ്ടായിരുന്നില്ല. വല്ലാത്ത ഒരു ഗതികേടു തന്നെയാണിത്.

കേരള കോൺഗ്രസ്സ് പി.ജെ ജോസഫ് വിഭാഗം വെറും നനഞ്ഞ പടക്കം മാത്രമാണെന്നത് വളരെ വൈകിയാണ് സാക്ഷാൽ ഉമ്മൻ ചാണ്ടിക്കു പോലും മനസ്സിലായിരുന്നത്. ശാരീരക അവസ്ഥ കാരണം പൊതു രാഷ്ട്രീയത്തിൽ നിന്നും വിരമിച്ച അവസ്ഥയിലാണിപ്പോൾ ഉമ്മൻ ചാണ്ടിയുളളത്. കേരളത്തിലെ കോൺഗ്രസ്സിനെ നയിക്കുന്ന കെ സുധാകരനും വി.ഡി. സതീശനുമൊന്നും ഉമ്മൻചാണ്ടിയെ പോലെ ഒരിക്കലും ഒരു ക്രൌഡ് പുള്ളറല്ല. ഇവരേക്കാൾ ജനപിന്തുണ എന്തായാലും തരൂരിനും മുരളീധരനുമുണ്ട്. ജോസ് കെ മാണിയെ മുന്നണിയിൽ നിർത്താൻ ആത്മാർത്ഥമായി ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു എങ്കിൽ മുന്നണിയിലെ മറ്റു എതിർപ്പുകളൊന്നും തന്നെ വിലപ്പോവില്ലായിരുന്നു. അവിടെയാണ് അവർക്ക് പിഴച്ചിരിക്കുന്നത്.

ഇനി ലോകസഭ തിരഞ്ഞെടുപ്പിൽ കൂടി തിരിച്ചടി നേരിട്ടാൽ മുസ്ലിം ലീഗും മുന്നണി വിടാൻ നിർബന്ധിക്കപ്പെടും ഇടതുപക്ഷത്തു നിന്നും ഒരു വിളിയാണ് ലീഗ് നേതൃത്വം കാത്തിരിക്കുന്നത്. കോൺഗ്രസ്സിൽ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടാൽ മുന്നണി മാറുകയല്ലാതെ മറ്റൊരു പോംവഴിയും ലീഗിന് മുന്നിൽ ഉണ്ടാകുകയില്ല. കേരളത്തിൽ കഴിഞ്ഞ തവണയുണ്ടായ രാഹുൽ എഫക്ട് ഇത്തവണ ആവർത്തിക്കില്ലന്ന് ഉറപ്പിക്കുന്ന യു.ഡി.എഫ് നേതൃത്വം പകുതി ലോകസഭ സീറ്റുകളിലെങ്കിലും വിജയിച്ചാൽ മതിയെന്ന ആഗ്രഹമാണ് പങ്കുവയ്ക്കുന്നത്.

പത്തുവർഷം ഭരണത്തിനു പുറത്തു നിന്ന ലീഗിനെ സംബന്ധിച്ച് ഇനി ഒരു പത്തുവർഷം കൂടി പുറത്തിരിക്കേണ്ടി വരുമെന്നത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയുകയില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽ ഇടതുപക്ഷത്തിനോട് പ്രിയം വർദ്ധിച്ചു വരുന്നതും ലീഗിനെ മുന്നണി മാറാൻ നിർബന്ധിപ്പിക്കപ്പെടുന്ന മറ്റൊരു ഘടകമാണ്. മുസ്ലിംലീഗ് ഇടതുപക്ഷത്തേക്ക് എത്തിയാലും ഇല്ലങ്കിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിൽ ഇടതുപക്ഷം തന്നെ ഭരണത്തിൽ എത്തുമെന്നാണ് ബി.ജെ.പിയും കണക്ക് കൂട്ടുന്നത്. മുസ്ലീംലീഗ് ഇടതുപക്ഷത്ത് എത്തിയാൽ ഇടതുപക്ഷത്തിന്റെ ശക്തമായ വോട്ട് ബാങ്കായ ഹൈന്ദവ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താമെന്നും ക്രൈസ്തവ വിഭാഗത്തിലെ നല്ലൊരു ശതമാനത്തിന്റെ പിന്തുണ ഉറപ്പിക്കാമെന്നുമാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. ഇതു മുന്നിൽ കണ്ടുള്ള ഒരു സ്ട്രാറ്റർജിയാണ് ബി.ജെ.പി തയ്യാറാക്കിയിരിക്കുന്നത്.

തുടർച്ചയായി 15 വർഷം ആര് ഭരിച്ചാലും അത് കേരളത്തിലെ വോട്ടർമാരിൽ വലിയ മടിപ്പുണ്ടാക്കുകയും ഈ സാഹചര്യം കൂടി മുതലെടുക്കുകയാണെങ്കിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ എളുപ്പത്തിൽ തകർക്കാൻ കഴിയുമെന്നുമാണ് അവരുടെ പ്രതീക്ഷ. ഒരു രാഷ്ട്രീയ വിദ്യാർത്ഥിയെ സംബന്ധിച്ച് നിഷ്പക്ഷമായി വിലയിരുത്തുമ്പോൾ ഇങ്ങനെയും സംഭവിക്കാൻ സാധ്യത ഉണ്ടെന്നു തന്നെ പറയേണ്ടി വരും. കാരണം കേരളത്തിലെ സാമുദായിക കാഴ്ചപ്പാടുകളിലും മാറ്റങ്ങൾ സംഭവിച്ചു തുടങ്ങിയിട്ടുണ്ട്.

കാവിപ്പടയാൽ വേട്ടയാടപ്പെട്ടവരുടെ അരമനകളിൽ നിന്നു തന്നെയാണ് ഇപ്പോൾ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അനുകൂലമായ ശബ്ദങ്ങൾ പുറത്തുവരുന്നത്. മോദിയുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്ന സഭ നേതാക്കളുടെ ഭാവവും കേരളത്തിനു ഇന്നുവരെ പരിചിതമായ ഭാവമല്ല. ‘കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ മുസ്ലീം തീവ്രവാദത്തിന്റെ ഭീകരമുഖം ‘സാമാന്യവൽക്കരിക്കാൻ’ നടക്കുന്ന ശ്രമത്തിനു പിന്നിലും വ്യക്തമായ രാഷ്ട്രീയ അജണ്ട തന്നെയാണ് സംശയിക്കേണ്ടിവരുന്നത്. ഹൈന്ദവ വോട്ടുകളിൽ മാത്രമല്ല ക്രൈസ്തവ വോട്ടുകളിലും പരിവാർ രാഷ്ട്രീയത്തിനു അനുകൂലമായ ധ്രുവീകരണമാണ് ഇവിടെ ലക്ഷ്യമിട്ടിരിക്കുന്നത്.

പ്രണയത്തിന് മതത്തിന്റെ നിറം ചാർത്തി നൽകുന്ന ലൗ ജിഹാദ് പ്രയോഗം ആരുടെ സൃഷ്ടി ആയാലും അതാണിപ്പോൾ കേരളത്തിലെ സംഘപരിവാർ രാഷ്ട്രീയത്തിന്റെ കുന്തമുനയായി മാറിയിരിക്കുന്നത്. മുസ്ലീം സമുദായത്തിൽ പിറന്ന കുറച്ചുപേർ അവരുടെയും അവർ വിശ്വസിക്കുന്ന ആശയത്തിന്റെയും സങ്കുചിത താൽപ്പര്യങ്ങളുടെ പുറത്ത് ഐ.എസ് ഉൾപ്പെടെയുള്ള തീവ്രവാദ സംഘടനകളിൽ ചേക്കേറിയതും അന്യമതസ്തരായ യുവതികളെ വിവാഹം ചെയ്തതുമെല്ലാം മുസ്ലീം സമുദായത്തിന് എതിരായ നീക്കമായാണ് ഒരുവിഭാഗം ചിത്രീകരിക്കാൻ ശ്രമിക്കുന്നത്. കേരള സ്റ്റോറിയിലൂടെ അവർ ലക്ഷ്യമിടുന്നതും അതു തന്നെയാണ്.

യഥാർത്ഥത്തിൽ ഐ.എസിൽ ചേർന്നവരെ ഏറ്റവും ശക്തമായി തള്ളിപ്പറഞ്ഞത് അവരുടെ കുടുംബാംഗങ്ങളും കേരളത്തിലെ മുസ്ലിം നേതാക്കളുമാണ്. ഈ യാഥാർത്ഥ്യം മനപ്പൂർവ്വം മറച്ചുപിടിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളസ്റ്റോറി എന്ന സിനിമയും ചോദ്യം ചെയ്യപ്പെടുന്നത്. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നിർമിച്ച “കേരള സ്റ്റോറി” എന്ന ഹിന്ദി സിനിമയെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ കള്ളിയിൽ പെടുത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നടിച്ചിരിക്കുന്നത്. ഇത്തരം സമൂഹവിരുദ്ധ നീക്കങ്ങൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഈ സിനിമയുടെ പ്രദർശനത്തിനെതിരെ സർക്കാർ തന്നെ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഈ നാടിനെ വർഗീയവൽകരിക്കാനും നുണകൾ പടച്ചുവിടാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമുള്ള ലൈസൻസല്ലന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചിട്ടുണ്ട്.

“കശ്മീർ ഫയൽസ്” എന്ന വിവാദ ചിത്രത്തിന് പ്രതിഷേധം ഉയർന്നിട്ടും പ്രദർശനാനുമതി ലഭിച്ച സ്ഥിതിക്ക് കേരള സർക്കാർ എതിർത്താലും “കേരള സ്റ്റോറിക്ക്” പ്രദർശനാനുമതി ലഭിക്കുമോ എന്നത് കണ്ടു തന്നെ അറിയേണ്ട കാര്യമാണ്. അതേസമയം, സിനിമ പ്രദർശിപ്പിക്കുവാൻ ഏതറ്റംവരെയും പോകാനാണ് സിനിമയുടെ അണിയറ പ്രവർത്തകരും തീരുമാനിച്ചിരിക്കുന്നത്. അവർക്ക് ശക്തമായ പിന്തുണയുമായി സംഘപരിവാറുകാരും പരസ്യമായി രംഗത്തുണ്ട്. വിവാദത്തിൽ നിന്നും വലിയ വിളവെടുപ്പു തന്നെയാണ് കാവിപ്പട ലക്ഷ്യമിട്ടിരിക്കുന്നത്. ഇത് ഇടതുപക്ഷത്തിനും ഒരു വെല്ലുവിളിയാണ്.

സാധാരണ സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കുന്നതു പോലെ “കേരള സ്റ്റോറിയെ” ചെറുക്കാൻ കഴിയുകയില്ല. സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന ലൗ ജിഹാദ് കേരളത്തിൽ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്ന നല്ലൊരു വിഭാഗം ഇപ്പോഴും കേരളത്തിലുണ്ട്. ഏതെങ്കിലും പ്രത്യേക വിഭാഗത്തോട് താൽപ്പര്യമോ മറുവിഭാഗത്തോട് എതിർപ്പോ ഉള്ളതുകൊണ്ടു മാത്രമല്ലത്. നവ മാധ്യമങ്ങളുടെ ഈ പുതിയ കാലത്ത് സോഷ്യൽ മീഡിയകളിൽ വരുന്ന ഒരോ കുറിപ്പിനും വാക്കുകൾക്കുമെല്ലാം ഇന്ന് ജനങ്ങളെ സ്വാധീനിക്കാനുള്ള വലിയ ശേഷിയാണുള്ളത്. ആരൊക്കെ നിഷേധിച്ചാലും അതൊരു യാഥാർത്ഥ്യം തന്നെയാണ്. മാത്രമല്ല അരാഷ്ട്രീയ ബോധത്തിന് വളക്കൂറുള്ള മണ്ണായും കേരളം ഇപ്പോൾ മാറി തുടങ്ങിയിട്ടുണ്ട്. ഈ യാഥാർത്ഥ്യം ഇടതുപക്ഷ പാർട്ടികളും തിരിച്ചറിയണം.

സംഘപരിവാർ പ്രൊഫൈലുകളിൽ ‘കേരള സ്റ്റോറി’ ടീസറിനും ലൗ ജിഹാദ് വിഷയങ്ങൾക്കും ലഭിക്കുന്ന കാണികളുടെ എണ്ണം അവരുടെ കേരളത്തിലെ ശേഷിക്കും അപ്പുറമാണ്. അത് എന്തു കൊണ്ടാണെന്നതു വ്യക്തമായി മനസ്സിലാക്കിയുള്ള ഒരു പ്രതിരോധത്തിനു മാത്രമേ ഇത്തരം പ്രചരണങ്ങൾക്ക് തടയിടാൻ കഴിയുകയൊള്ളൂ. ശബരിമല വിഷയത്തിൽ സംഘപരിവാർ സംഘടനകൾ സംഘടിപ്പിച്ച റാലികളിൽ പങ്കെടുത്തവരെല്ലാം പരിവാറുകാർ ആയിരുന്നില്ല. അതുകൊണ്ടു കൂടിയാണ് ആ പ്രക്ഷോഭം അത്രമാത്രം ശക്തിപ്പെട്ടിരുന്നത്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് അവർക്ക് മുന്നിൽ ജാതിയും മതവും ഒന്നും ഒരു ഘടകമേയല്ല. എന്നാൽ ഇടതുപക്ഷത്തെ എതിർക്കുന്നവർ ആ നിലപാടിൽ ന്യൂനപക്ഷ പ്രീണനമാണ് ആരോപിക്കുന്നത്. മുൻ കാലങ്ങളിൽ ഈ പ്രചരണത്തെ ഫലപ്രദമായി ചെറുക്കാൻ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. എന്നാൽ അത് എപ്പോഴും സാധിക്കണമെന്നില്ല. പുതിയ കാലവും അരാഷ്ട്രീയ ചിന്താഗതിയും സോഷ്യൽ മീഡിയകളുടെ സാന്നിധ്യവും തഴച്ചു വളരുന്നത് ആർക്കും എന്തും പ്രചരിപ്പിക്കാൻ പറ്റാവുന്ന അവസ്ഥയാണ് ഈ കൊച്ചു കേരളത്തിലും സൃഷ്ടിച്ചിരിക്കുന്നത്.

കാവിയോട് കലഹിച്ച കുടുംബങ്ങളിൽ നിന്നു തന്നെയാണ് ഇപ്പോൾ കാവി രാഷ്ട്രീയത്തിന് കൈ കൊടുക്കാനും ആളുകൾ ഉള്ളത്. എകെ ആന്റണിയുടെ മകനു ബി.ജെ.പി ആകാമെങ്കിൽ ബിഷപ്പുമാർക്ക് ബി.ജെ.പിയെ പുകഴ്ത്താമെങ്കിൽ തീർച്ചയായും മുരളീധരനും ശശി തരൂരിനുമെല്ലാം ബി.ജെ.പിയാകാനും തടസ്സമില്ല. നല്ലൊരു ജനകീയ നേതാവിനെ മുൻ നിർത്താൻ ബി.ജെ.പിക്ക് സാധിച്ചാൽ ആ സംവിധാനത്തെ ഭാവിയിൽ ഭയക്കുക തന്നെ വേണം. യു.ഡി.എഫിന്റെ തകർച്ച സാധ്യമായാൽ തീർച്ചയായും ബി.ജെ.പി നയിക്കുന്ന മുന്നണിയായിരിക്കും ഇടതുപക്ഷത്തിന് ബദൽ ഉയർത്തുക. ത്രിപുരയിൽ കോൺഗ്രസ്സ് കാവിയണിഞ്ഞതാണ് ഇടതുപക്ഷത്തിന്റെ തകർച്ചക്ക് കാരണമായിരുന്നത്. അതേ ചരിത്രം പ്രബുദ്ധ കേരളത്തിൽ നടക്കില്ലന്ന് ഇടതുപക്ഷ നേതാക്കൾക്ക് ആഗ്രഹിക്കാം പക്ഷേ, അത് നടക്കണമെന്നില്ല. ഒരു ‘എതിരി’ എന്തായാലും ഇടതുപക്ഷത്തിന് ഉണ്ടാകും.

യു.ഡി.എഫ് തകർന്നാൽ ആ സ്ഥാനത്ത് ബി.ജെ.പി തന്നെയാണ് വരിക. മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടുകൾ ഇടതുപക്ഷത്തിന് എത്ര കൂടുതലായി ലഭിച്ചാലും ഹൈന്ദവ വോട്ടുകൾ ചോർന്നാൽ ഇടതുപക്ഷത്തിനും പിന്നെ പിടിച്ചു നിൽക്കാൻ കഴിയുകയില്ല. കേരളഭരണം പിടിക്കും എന്ന പ്രതീതി ബി.ജെ.പി ഉണ്ടാക്കിയാൽ സകല ഇടതുപക്ഷ വിരുദ്ധരും ആ ചേരിയിലാണ് സംഘടിക്കുക. ഇതിനൊപ്പം ക്രൈസ്തവ വിഭാഗത്തിലെ പിന്തുണ കൂടി ഉറപ്പിക്കാൻ ബി.ജെ.പിക്കു കഴിഞ്ഞാൽ അത് മോദിയുടെ പാർട്ടിക്ക് വലിയ നേട്ടമായും മാറും. അതു കൊണ്ട് ഏതെങ്കിലും മതവിഭാഗത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ഉയർന്നു വരുന്ന വിഷയങ്ങളിൽ നിഷ്പക്ഷമായ നിലപാടാണ് ഇടതുപക്ഷം പിൻതുടരേണ്ടത്.

തെറ്റ് ചെയ്യുന്നത് ഭൂരിപക്ഷ സമുദായമായാലും ന്യൂനപക്ഷ സമുദായമായാലും ഒരു പോലെയാണ് തള്ളിപ്പറയേണ്ടത്. കമ്യൂണിസ്റ്റുകൾ കേരളത്തിന് നൽകിയ സംഭാവനകളും ഇടതുപക്ഷ സർക്കാറുകൾ നടപ്പാക്കിയ ജനകീയ പദ്ധതികളും ഇടതുപക്ഷ സംഘടനകളുടെ കരുത്തുമാണ് കേരളത്തെ എക്കാലത്തും ചുവപ്പ് കോട്ടയായി നിലനിർത്തി പോരുന്നത്. കോൺഗ്രസ്സ് ഭരിക്കുമ്പോൾ പോലും കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയായി തല ഉയർത്തി നിൽക്കാറുള്ളതും സി.പി.എം തന്നെയാണ്. വല്ലാത്തൊരു കരുത്ത് തന്നെയാണത്. ഈ അവസ്ഥ മാറ്റി മറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.

കമ്യൂണിസ്റ്റുകളെ സംബന്ധിച്ച് വ്യക്തി ഒരു ഘടകമല്ലങ്കിലും ബി.ജെ.പി അതും ഇവിടെ ഘടകമാക്കാൻ ശ്രമിക്കുന്നുണ്ട്. എ.കെ.ജി, ഇ.എം.എസ്, ഇ.കെ.നായനാർ, വി.എസ് അച്ചുതാനന്ദൻ വരെ ജനകീയരായ നേതാക്കൾ നയിച്ച പാർട്ടിയെ പിണറായി വിജയനു ശേഷം ആരാണ് നയിക്കുക എന്ന ചോദ്യം അവർ ഉയർത്താൻ ശ്രമിക്കുന്നതും അതിനുവേണ്ടിയാണ്. ശക്തനായ നായകൻ ഇല്ലങ്കിൽ ഏത് വലിയ സേനയെയും എളുപ്പത്തിൽ പരാജയപ്പെടുത്താൻ കഴിയുമെന്ന “തിയറിയിലാണ്” മോദി വിശ്വസിക്കുന്നത്. ചുവപ്പിനെ വീഴ്ത്താൻ കോൺഗ്രസ്സിൽ നിന്നും പടനായകരെ കണ്ടെത്തി ആക്രമിക്കുക തന്നെയാണ് അവരുടെ ലക്ഷ്യം. ഈ യുദ്ധത്തിൽ ഏത് മാർഗ്ഗവും കാവിപ്പട സ്വീകരിക്കും. കാരണം അവരെ സംബന്ധിച്ച് മാർഗ്ഗമല്ല ലക്ഷ്യം മാത്രമാണ് പ്രധാനം. ഈ സാഹചര്യത്തിൽ കേരളം പഴയ കേരളമല്ലന്നതും നേരിടേണ്ട വെല്ലുവിളി ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നതും മനസ്സിലാക്കിയുള്ള ഒരു സ്ട്രാറ്റർജിയാണ് ഇടതുപക്ഷവും തയ്യാറാക്കേണ്ടിയിരിക്കുന്നത്.

EXPRESS KERALA VIEW

Top