എന്തുകൊണ്ട് ബിജെപി മഹാത്മാഗാന്ധിയുടെ വലിയ പ്രതിമ ഉണ്ടാക്കിയില്ല?; ശശി തരൂര്‍

തിരുവനന്തപുരം: എന്തുകൊണ്ട് ബിജെപി മഹാത്മാഗാന്ധിയുടെ വലിയ പ്രതിമ ഉണ്ടാക്കിയില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. 182 മീറ്റര്‍ ഉയരമുള്ള സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത പശ്ചാത്തലത്തിലാണ് വിമര്‍ശനങ്ങളുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ജില്ലാക്കമ്മറ്റി ഓഫീസില്‍ വച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം ബിജെപിയ്‌ക്കെതിരെ ചോദ്യമുയര്‍ത്തിയത്.

പാര്‍ലമെന്റ് മന്ദിരത്തിലുള്ള ഗാന്ധി പ്രതിമയാണ് നിലവില്‍ ഏറ്റവും വലുത്. പട്ടേലിന്റെ ഇത്ര വലിയ പ്രതിമ സ്ഥാപിക്കുന്നതിന് മുന്‍പ് രാഷ്ട്രപിതാവിനെക്കുറിച്ച് എന്തുകൊണ്ട് എന്‍ഡിഎ ചിന്തിച്ചില്ല എന്നതാണ് തരൂരിന്റെ ചോദ്യം. മഹാത്മഗാന്ധിയുടെ ശിഷ്യനായിട്ടാണ് പട്ടേല്‍ അറിയപ്പെട്ടിരുന്നത്. വളരെ ലളിത ജീവിതം ആഗ്രഹിക്കുന്ന തികഞ്ഞ ഗാന്ധിയനാണ് പട്ടേല്‍. കാര്‍ഷകരോടൊപ്പം വളരെ താഴെയ്ക്കിടയില്‍ ജീവിച്ചു മരിച്ച അദ്ദേഹത്തിന്റെ പ്രതിമ ഭീമമായ തുകയില്‍ നിര്‍മ്മിച്ചത് ശരിയാണോ എന്ന് ചിന്തിച്ചു നോക്കണമെന്നും തരൂര്‍ വ്യക്തമാക്കി.

മഹാത്മാഗാന്ധിയുടെ അഹിംസാ വാദം എന്ന തത്വത്തെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്തവരാണ് ബിജെപിക്കാന്‍. അതു കൊണ്ടാണ് ഗാന്ധിയുടെ പ്രതിമ നിര്‍മ്മാണത്തോട് അവര്‍ വിമുഖത കാണിക്കുന്നത്. സ്വാതന്ത്ര സമര സേനാനികളുടെ പാരമ്പര്യത്തില്‍ അവകാശം പറയാനാണ് ബിജെപി ശ്രമിക്കുന്നത്. അല്ലാതെ സ്വയം അവകാശപ്പെടാന്‍ ചരിത്രത്തില്‍ അവര്‍ക്ക് നേതാക്കളാരുമില്ല. പട്ടേല്‍ ഒരു കോണ്‍ഗ്രസ് നേതാവാണ്. ഗാന്ധിയോടൊപ്പം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയ ആളാണ് അദ്ദേഹമെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Top