ഓപ്പറേഷന്‍ താമര; ബിജെപി ലക്ഷ്യമിടുന്നത് കേവല ഭൂരിപക്ഷമല്ല, മഹാഭൂരിഭക്ഷം

Devendra Fadnavis

288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി. അതിനായുള്ള ഒരു അവസരവും അവര്‍ നഷ്ടമാക്കുന്നില്ല. മാധ്യമ ശ്രദ്ധയില്‍ നിന്ന് അകന്ന് വലിയ ചര്‍ച്ചകള്‍ക്ക് അവസരം നല്‍കാതെയാണ് ബിജെപിയുടെ നീക്കങ്ങള്‍. 145 എംഎല്‍എമാരുടെ പിന്തുണയാണ് നിയമസഭയില്‍ ആവശ്യം എന്നിരിക്കവെ 180 എംഎല്‍എമാരുടെ വരെ പിന്തുണ ഉറപ്പിക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.

കോണ്‍ഗ്രസ്, എന്‍സിപി എന്നിവിടങ്ങളില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറിയ നാല് മുതിര്‍ന്ന നേതാക്കളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. രാധാകൃഷ്ണ വിഖെ പാട്ടീല്‍, നാരായണ്‍ റാണെ, ഗണേഷ് നായിക്, ബബന്റാവു പച്പുത് എന്നിവരോടാണ് എല്ലാ പാര്‍ട്ടികളിലെയും എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ ബിജെപി നേതാക്കള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. സേനാ, കോണ്‍ഗ്രസ് അംഗങ്ങളിലേക്ക് ചൂഴ്ന്നിറങ്ങി ഇവരെ ബിജെപിയില്‍ ചേര്‍ക്കാനാണ് നീക്കം.

105 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് 15 സ്വതന്ത്രരുടെ പിന്തുണയുണ്ട്. അജിത് പവാര്‍ 27 മുതല്‍ 30 എംഎല്‍എമാരുടെ വരെ പിന്തുണ നേടുമെന്നാണ് ബിജെപി പ്രതീക്ഷ. ഇതോടെ കേവല ഭൂരിപക്ഷം ഉറപ്പിക്കാം. എന്നാല്‍ എന്‍സിപി മേധാവി ശരത് പവാര്‍ പോരാട്ടം ആരംഭിച്ചതിനാല്‍ അംഗബലം വര്‍ദ്ധിപ്പിച്ച് വിശ്വാസ വോട്ടില്‍ സുരക്ഷിതരാകാനാണ് ബിജെപി ഒരുങ്ങുന്നത്.

അജിത് പവാര്‍ എത്ര എംഎല്‍എമാരെ ബിജെപി സഖ്യസര്‍ക്കാര്‍ പാളയത്തില്‍ എത്തിക്കുമെന്നത് ഇവിടെ സുപ്രധാനമാണ്. ദേവേന്ദ്ര ഫഡ്‌നാവിസ് ഒന്നും കാണാതെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. അജിത് പവാര്‍ വര്‍ഷങ്ങളായി എന്‍സിപി പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ എന്‍സിപി എംഎല്‍എമാരെ ഒരു ഹോട്ടലില്‍ പാര്‍പ്പിച്ചത് കൊണ്ട് മാത്രം അവര്‍ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ഒരു നേതാവ് ചൂണ്ടിക്കാണിച്ചു.

Top