ആർ.എസ്.എസ് കരുത്തിൽ പ്രതീക്ഷകൾ, മഹാരാഷ്ട്രയിൽ വീണ്ടും ഭരണ തുടർച്ച ?

ലോകസഭ – നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുന്ന മഹാരാഷ്ട്രയിൽ കൈവിട്ട കളിക്ക് ബി.ജെ.പി നീങ്ങുന്നതിനു പിന്നിൽ വിജയപ്രതീക്ഷ. ശിവസേന ഇല്ലാതെ ഭരണം പിടിക്കാനുള്ള അസൂത്രണമാണ് ബി.ജെ.പി ഇവിടെ നടത്തി വരുന്നത്. ആർ.എസ്.എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാൽ വിജയം നില നിർത്തേണ്ടത് ബി.ജെ.പിക്ക് അഭിമാന പ്രശ്നം കൂടിയാണ്.

പ്രതിപക്ഷത്തോടൊപ്പം ഇപ്പോൾ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബി.ജെ.പിയെ എതിർക്കുന്നവരിൽ ശിവസേനയും മുന്നിൽ തന്നെയാണ്. ഭരണത്തിൽ പങ്കാളിയായി കൊണ്ടു തന്നെ ശകുനി പണി കാണിക്കുന്ന ശിവസേനയുമായി ഇനി ബന്ധം പാടില്ലന്ന നിലപാടിലാണ് ബി.ജെ.പി പ്രവർത്തകർ. ഒറ്റക്ക് മത്സരിച്ചാൽ തന്നെ വലിയ വിജയം നേടാനാകുമെന്നാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം.

സഖ്യത്തിൽ മത്സരിച്ച് ഉണ്ടാക്കുന്ന എം.പിമാരെയും എം.എൽ.എ മാരെയും മുൻ നിർത്തി പ്രതിപക്ഷത്തെ സഹായിക്കുന്ന നിലപാട് ശിവസേന സ്വീകരിക്കുമെന്നും അവർ കരുതുന്നു. ഈ സാധ്യത ഒഴിവാക്കാൻ കൂടിയാണ് ഒറ്റക്ക് മത്സരിക്കുന്നതിനെ കുറിച്ച് ബി.ജെ.പി ഗൗരവമായി ആലോചിക്കുന്നത്.

288 അംഗ മഹാരാഷ്ട്ര നിയമസഭയിൽ 122 സീറ്റാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയത്.ശിവസേനക്ക് 63, കോൺഗ്രസ്സിന് 42, എൻ.സി.പിക്ക് 41 എന്നിങ്ങനെയാണ് സീറ്റുകൾ സി.പി.എമ്മിന് ഒരു സീറ്റും മറ്റുള്ളവർ 19 സീറ്റും നേടി.

ലോകസഭയിൽ ആകെയുള്ള 48 സീറ്റിൽ 22 ബി.ജെ.പി, 18 ശിവസേന, എൻ.സി.പി 5, കോൺഗ്രസ്സ് 2, മറ്റുള്ളവർ 1 എന്നിങ്ങനെയാണ് കക്ഷിനില.

ആർ.എസ്.എസിന്റെ സംഘടനാ കരുത്തും സംസ്ഥാന ഭരണ നേട്ടങ്ങളും മുഖ്യമന്ത്രിയുടെ പ്രതിച്ഛായയും ഗുണം ചെയ്യുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം.

തനിച്ചു മത്സരിക്കാൻ ആദ്യം പ്രവർത്തകരോട് ആഹ്വാനം ചെയ്തത് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ തന്നെ ആയിരുന്നു.ശിവസേന, സഖ്യത്തിന് തയ്യാറല്ലങ്കിൽ പിന്നാലെ പോകുന്ന പ്രശ്നമില്ലന്ന നിലപാടിലാണ് പാർട്ടി. ഇതിനിടെ 48 ൽ 40 സീറ്റും തൂത്തുവാരുമെന്ന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടിനെതിരെ ശിവസേനയും ഇപ്പോൾ രംഗത്തു വന്നിട്ടുണ്ട്. തനിച്ചു മത്സരിക്കാനാണ് അവരുടെയും പദ്ധതി.

ശിവസേനയുടെ നിഴൽ പറ്റി മഹാരാഷ്ട്രയിൽ നിന്നിരുന്ന ബി.ജെ.പി കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലുമാണ് വൻശക്തിയായി മാറിയത്. അതുവരെ സീറ്റുകളുടെ എണ്ണത്തിൽ ശിവസേനക്ക് താഴെയായിരുന്നു ബിജെപി. ഈ വമ്പൻ വിജയത്തോടെ കേന്ദ്രത്തിലും സംസ്ഥാനത്തും വിലപേശൽ നടത്താനുള്ള ശിവസേനയുടെ കൊമ്പാണ് ബി.ജെ.പി മുറിച്ചു കളഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി അടക്കമുള്ളവരെ വിമർശിക്കുന ഘട്ടത്തിലും മന്ത്രിസഭയിൽ നിന്നും സ്വന്തം മന്ത്രിമാരെ പിൻവലിക്കാൻ ശിവസേന ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോൾ ബി.ജെ.പിയുമായി സഖ്യത്തിനില്ലന്ന് പറയുമ്പോഴും ഇനി എന്ത് എന്ന ചോദ്യം ശിവസേനക്കു മുന്നിലുണ്ട്.

ബാൽ താക്കറെയുടെ മരണശേഷം ശിവസേന കടുത്ത വെല്ലുവിളികളിലൂടെയാണ് കടന്നു പോകുന്നത്. ബി.ജെ.പി ആകട്ടെ മഹാരാഷ്ട്രയിലെ സ്വാധീനം വർദ്ധിപ്പിക്കുകയും ചെയ്തു.

വർഗ്ഗീയ പാർട്ടിയെന്ന വിശേഷണം ഉള്ളതിനാൽ കോൺഗ്രസ്സ് ഉൾപ്പെടെയുള്ള മതേതര പാർട്ടികൾ ശിവസേനയെ ഒരു കാരണവശാലും ഇനി അടുപ്പിക്കുവാൻ സാധ്യത കുറവാണ്.. ചുരുക്കി പറഞ്ഞാൽ ആകെ പെട്ടിരിക്കുകയാണ് ശിവസേന.

ഇനി ശിവസേനയുമായി സഖ്യത്തിൽ മത്സരിക്കേണ്ട ഗതികേട് ഉണ്ടായാൽ ‘ജാഗ്രത’യോടെ മണ്ഡലങ്ങളിൽ ‘ഇടപെടൽ’ നടത്താനാണ് ബി.ജെ.പിയുടെ തീരുമാനം.

political reporter

Top