സാക്ഷാല്‍ ‘മഹാദേവനെ’ രംഗത്തിറക്കാന്‍ . . ബി.ജെ.പി ദേശീയ നേതൃത്വം ശ്രമം തുടങ്ങി ! !

bjp

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ഭരണ തുടര്‍ച്ച ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ബി.ജെ.പി ദേശീയ നേതൃത്വം സിനിമാ-ക്രിക്കറ്റ് താരങ്ങളെ രംഗത്തിറക്കാന്‍ ശ്രമിക്കുന്നതിനു പിന്നാലെ പ്രചരണത്തിന് ‘മഹാദേവനെയും’ ഇറക്കുന്നു !

രാജ്യത്ത് സൂപ്പര്‍ ഹിറ്റായ ‘ദേവോം കി ദേവ് മഹാദേവ് ‘ എന്ന സീരിയലില്‍ സാക്ഷാല്‍ പരമശിവന്റെ വേഷമിട്ട മോഹിത് റെയ്‌നയെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ പ്രചരണത്തിന് ഇറക്കാനാണ് നീക്കം. മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ യു.പി യില്‍ തന്നെ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന നിലപാടിലാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ ‘മഹാദേവന്‍’ പ്രചരണത്തിനുണ്ടാകണമെന്നതാണ് കാവിപ്പടയുടെ ആഗ്രഹം.

76d8d297-4f27-4c1f-8630-7635f1350e5b

ദേവോം കി ദേവ് മഹാദേവ് സീരിയല്‍ രാജ്യത്തെ എല്ലാ ഭാഷകളിലും മൊഴി മാറ്റി എത്തിയിരുന്നു. മലയാളത്തില്‍ ‘കൈലാസ നാഥന്‍’ എന്ന പേരില്‍ ഏഷ്യാനെറ്റാണ് സംപ്രേക്ഷണം ചെയ്തിരുന്നത്. ഇത്രയും പണം വാരിക്കൂട്ടിയ മറ്റൊരു സീരിയല്‍ ദേശീയ തലത്തില്‍ സമീപകാലത്ത് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. എല്ലാ ഭാഷകളിലും ഒരുപോലെ സൂപ്പര്‍ ഹിറ്റായി എന്നതാണ് ഈ സീരിയലിനെ വ്യത്യസ്തമാക്കുന്നത്.

ഹൈന്ദവ വിശ്വാസികളെ മാത്രമല്ല നിരീശ്വരവാദികളുടെ കുടുംബങ്ങളെ പോലും ടി.വിക്ക് മുന്നില്‍ പിടിച്ചിരുത്താന്‍ കഴിഞ്ഞു എന്നതാണ് പ്രധാന നേട്ടം. പുരാണ കഥയിലെ മഹാദേവന്റെ ചിത്രങ്ങള്‍ക്ക് നടന്‍ മോഹിതിന് മുഖച്ഛായ ഉള്ളതിനാല്‍ എളുപ്പത്തില്‍ പ്രേക്ഷകരിലേക്കെത്താന്‍ ഈ സീരിയലിനു കഴിഞ്ഞിരുന്നു.

2011-ല്‍ ആരംഭിച്ച് വര്‍ഷങ്ങള്‍ നീണ്ട ഈ സീരിയലില്‍ പാര്‍വതിയുടെ വേഷമിട്ട നടിമാര്‍ പലരും മാറിയെങ്കിലും മഹാദേവ കഥാപാത്രം അവതരിപ്പിച്ച മോഹിതിന് മാത്രം മാറ്റമുണ്ടായിരുന്നില്ല. ഇദ്ദേഹത്തെ മാറ്റിയാല്‍ പ്രേക്ഷകര്‍ കൈവിടും എന്ന ഭയത്താല്‍ ഒരു പരീക്ഷണത്തിനും അണിയറ പ്രവര്‍ത്തകര്‍ തയ്യാറായതുമില്ല.

07e04037-a5e1-4f19-b7bc-eb62d5cb6481

മഹാദേവന്റെ വേഷത്തില്‍ അനവധി താരങ്ങള്‍ പല കാലഘട്ടങ്ങളിലായി വിവിധ സീരിയലുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും അവര്‍ക്കാര്‍ക്കും പ്രേക്ഷകരെ ഇത്രമാത്രം സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതും യാഥാര്‍ത്ഥ്യമാണ്. മോഹിത് ദര്‍ശനത്തിന് ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ പോലും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പു സമയത്തും ഇദ്ദേഹത്തെ പ്രചരണത്തിനിറക്കാന്‍ സംഘപരിവാര്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും ‘ദേവോം കി ദേവ് മഹാദേവ് ‘ സീരിയലിന്റെ ആരംഭ കാലഘട്ടമായതിനാല്‍ അതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടായി. ഇപ്പോള്‍ അനുകൂല സാഹചര്യമാണെന്ന തിരിച്ചറിവിലാണ് ബി.ജെ.പി താരത്തിനായി കരുക്കള്‍ നീക്കുന്നത്. ബി.ജെ.പി ദേശീയ നേതൃത്വം മോഹിതിനോട് ആശയ വിനിമയം നടത്തി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 2019 ലെ ലോക്‌സഭ തെരെഞ്ഞെടുപ്പ് പ്രചരണത്തിന് അക്ഷയ കുമാര്‍, അനുപംഖേര്‍, സല്‍മാന്‍ ഖാന്‍ എന്നിവരുടെ സഹായവും ബി.ജെ.പി പ്രതീക്ഷിക്കുന്നുണ്ട്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ബിജെപി പ്രചരണത്തിനായി ഇറങ്ങും. കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെ പറ്റി അമിത് ഷാ ധോണിയുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന.

അമിത് ഷാക്കൊപ്പം കേന്ദ്രമന്ത്രി പിയൂഷ് ഗോയലും മറ്റ് ബി.ജെ.പി നേതാക്കളും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു. ടെസ്റ്റില്‍ നിന്നും നേരത്തെ വിരമിച്ച ധോണി ഇംഗ്ലണ്ടുമായുള്ള ഏകദിന പരമ്പരയ്ക്ക് ശേഷം ഇപ്പോള്‍ വിശ്രമത്തിലാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബി.ജെ.പി സംഘടിപ്പിച്ച സമ്പര്‍ക്ക് സേ സമര്‍ത്ഥന്‍’ പരിപാടിയുടെ ഭാഗമായി സാമൂഹിക സാംസ്‌കാരിക, കായിക, വ്യവസായ രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പ്രചരണത്തിന്റെ ഭാഗമായി ലതാ മങ്കേഷ്‌കര്‍, കപില്‍ ദേവ്, മാധുരി ദീക്ഷിത് തുടങ്ങിയവരെയെല്ലാം അമിത് ഷാ സന്ദര്‍ശിച്ചിരുന്നു.Related posts

Back to top