കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ വോട്ട് തേടിയ തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ നടപടി ചട്ടലംഘനം തന്നെയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

സ്വന്തം ജോലിയാണ് കളക്ടര്‍ ചെയ്തതെന്നും അത് അവര്‍ക്ക് നന്നായി ചെയ്യാനറിയാമെന്നും അവരെ ചട്ടം പഠിപ്പിക്കേണ്ടതില്ലെന്നും നോട്ടീസ് അയച്ച കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടി കൊണ്ട് ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുത്. അത് വളരെ വ്യക്തമാണ്. മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണത്. അത് കൃത്യമായി ചട്ടത്തില്‍ പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ തനിക്ക് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടര്‍ പരിശോധിക്കും. വരണാധികാരി കൂടിയായ കളക്ടര്‍ വേണ്ട നടപടിയെടുക്കും, ടിക്കാറാം മീണ വ്യക്തമാക്കി.

Top