ബിജെപി മുന്നേറ്റം;വിജയമുറപ്പിച്ച് നേതൃത്വം, ആഘോഷത്തിനുള്ള ലഡു തയ്യാര്‍

മുംബൈ: മഹാരാഷ്ട്ര , ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ ബി.ജെ.പി വിജയത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരുസംസ്ഥാനങ്ങളിലും രണ്ടാം കക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ ബഹുദൂരം മുന്നിലാണ് ബി.ജെ.പി സഖ്യം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ആദ്യ ഫലസൂചനകള്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും ബി.ജെ.പി ഭരണം നിലനിറുത്തുമെന്നാണ് മിക്ക അഭിപ്രായ സര്‍വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്.

അതേസമയം, തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ വിജയം ആഘോഷിക്കാനായി ബിജെപി തയാറാക്കിയ ലഡുവിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിട്ടുണ്ട്. വിജയികളെ അണിയിക്കാനുള്ള ഹാരങ്ങളും പാര്‍ട്ടി സംസ്ഥാന ഓഫീസില്‍ തയാറാണെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മഹാരാഷ്ട്രയില്‍ വ്യക്തമായ ആധിപത്യത്തോടെ ബിജെപി-ശിവസേന സഖ്യം മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ച 242 മണ്ഡലങ്ങളില്‍ 168ലും എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ്-എന്‍സിപി സഖ്യം 66 ഇടത്തില്‍ മാത്രമാണ് മുന്നിലുള്ളത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവയ്ക്കും വിധമാണ് എന്‍ഡിഎയുടെ മുന്നേറ്റം.

എക്‌സിറ്റ് പോള്‍ പ്രവചനങ്ങളുടെ ബലത്തിലും കാര്യമായ ഭരണവിരുദ്ധ വികാരമില്ലെന്നതിനാലും തെരഞ്ഞെടുപ്പില്‍ ജയമുറപ്പിച്ച മട്ടിലാണ് ബിജെപി. അതിനാല്‍ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ബിജെപി. എന്നാല്‍ ശരത്‌ പവാറിന്റെ നേതൃത്വത്തില്‍ നടത്തിയ സജീവ പ്രചാരണം നടത്തിയ എന്‍സിപി-കോണ്‍ഗ്രസ് സഖ്യവും പ്രതീക്ഷ കൈവിടുന്നില്ല.

Top