മധ്യപ്രദേശിലും ഗുജറാത്തിലും ബിജെപി മുന്നേറ്റം തുടരുന്നു

ന്യൂഡല്‍ഹി: 11 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കു നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് മുന്നേറ്റം. മധ്യപ്രദേശില്‍ 28ല്‍ 15 സീറ്റിലും ബിജെപി ലീഡ് ചെയ്യുകയാണ്. ബദ്‌നവാര്‍, സാന്‍വെര്‍, സുവാസ്ര, ബമോരി, അശോക് നഗര്‍, മന്‍ഗൗലി, മല്‍ഹാര, അനുപ്പുര്‍, ബയോറ തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി മുന്നില്‍ നില്‍ക്കുന്നത്. ഹാട്പിപ്ലിയ അഗര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസാണ് മുന്നില്‍.

ഗുജറാത്തില്‍ എട്ടില്‍ ഏഴിടത്തും ബിജെപിയാണ് മുന്നില്‍. ഉത്തര്‍പ്രദേശില്‍ ഏഴ് സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ നാലിടത്തും ബിജെപി ലീഡ് ചെയ്യുമ്പോള്‍ ബിഎസ്പി, എസ്പി, സ്വതന്ത്രര്‍ എന്നിവര്‍ ഒരോ സീറ്റിലും മുന്നേറുന്നു. കര്‍ണാടകയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സിറ, രാജരാജേശ്വരി നഗര്‍ എന്നീ രണ്ടു മണ്ഡലത്തിലും ബിജെപി തന്നെയാണ് ലീഡ് ചെയ്യുന്നത്.

ജാര്‍ഖണ്ഡില്‍ ഒരിടത്ത് ബിജെപിയും ഒരിടത്ത് കോണ്‍ഗ്രസും മുന്നേറുമ്പോള്‍ നാഗാലാന്‍ഡില്‍ രണ്ടു സീറ്റുകളിലും സ്വതന്ത്രര്‍ക്കാണ് ലീഡ്. ഒഡിഷയിലാകട്ടെ ബിജെപിയെ പിന്നിലാക്കി ബിജു ജനതാദള്‍ മുന്നേറുന്നു. ഛത്തീസ്ഗഡിലും ഹരിയാനയിലും കോണ്‍ഗ്രസ് മുന്നേറുമ്പോള്‍, തെലങ്കാനയില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.

ഗുജറാത്തില്‍ എട്ടു സീറ്റുകളിലും യുപിയില്‍ ഏഴ് മണ്ഡലങ്ങളിലും മണിപ്പൂരില്‍ 5 സീറ്റുകളിലും ജാര്‍ഖണ്ഡ്, കര്‍ണാടക, ഒഡീഷ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ രണ്ടു വീതം സീറ്റുകളിലും ഛത്തീസ്ഗഡ്, തെലങ്കാന, ഹരിയാന എന്നിവിടങ്ങളില്‍ ഓരോ സീറ്റിലുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Top