വിവാദ പരാമർശങ്ങളുമായി ബിജെപി നേതാക്കൾ ; ‘അഗ്നിവീരന്മാരെ പാർട്ടി ഓഫീസിന്റെ സുരക്ഷാ ജീവനക്കാരാക്കും; ഡ്രൈവര്‍, ബാര്‍ബര്‍ പരിശീലനം നല്‍കും’

കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യത്തുടനീളം പ്രതിഷേധമുയരുകയാണ്. ഇതിനിടെ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിരിക്കുയാണ് ബി.ജെ.പി. നേതാക്കള്‍. ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയയും കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡിയുമാണ് വിവാദ പരാമര്‍ശങ്ങൾ നടത്തിയിരിക്കുന്നത്.

അഗ്നിവീരന്മാര്‍ക്ക് സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ബി.ജെ.പി. ഓഫീസുകളില്‍ സുരക്ഷാ ജീവനക്കാരുടെ ജോലി കിട്ടുമെന്ന രീതിയിലായിരുന്നു കൈലാഷ് വിജയ വര്‍ഗിയയുടെ വാക്കുകള്‍. ബി.ജെ.പി. ഓഫീസിന് സുരക്ഷാജീവനക്കാരാക്കാൻ അഗ്നിവീരന്മാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘സൈനിക പരിശീലനം നേടി നാലുവര്‍ഷത്തിന് ശേഷം അഗ്നിവീരന്മാര്‍ സര്‍വീസില്‍നിന്ന് പിരിയുമ്പോള്‍ അവര്‍ക്ക് 11 ലക്ഷം രൂപയും അഗ്നിവീര്‍ പദവിയും ലഭിക്കും. ബി.ജെ.പി. ഓഫീസിന്റെ സുരക്ഷയ്ക്കായി കൂലിക്ക് ആളെ എടുക്കണമെങ്കില്‍ ഞാന്‍ അഗ്നിവീരന് മുന്‍ഗണന നല്‍കും’, വിജയ വര്‍ഗിയ മാധ്യമങ്ങളോട് പറഞ്ഞു.

ബി.ജെ.പി. നേതാവിന്റെ പരാമര്‍ശത്തിനെതിരെ ആം ആദ്മി പാര്‍ട്ടിയും കോൺഗ്രസ്സും ശിവസേനയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാജ്യത്തെ സൈനികരെയും യുവാക്കളെയും അവഹേളിക്കരുതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള് കൈലാഷ് ആവശ്യപ്പെട്ടു. അഗ്നിപഥ് പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളെല്ലാം ബി.ജെ.പി. ജനറല്‍ സെക്രട്ടറി തീര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ശിവസേന എം.പി.പ്രിയങ്ക ചതുര്‍വേദിയും ബി.ജെ.പി. നേതാവിനെതിരെ പ്രതികരണവുമായി രംഗത്തെത്തി.

കേന്ദ്രമന്ത്രി ജി. കിഷന്‍ റെഡ്ഡി അഗ്നിപഥ് പദ്ധതിയെക്കുറിച്ച് നടത്തിയ പരാമര്‍ശവും വിവാദത്തില്‍ കലാശിച്ചു. അഗ്നിപഥ് പദ്ധതിയിലൂടെ റിക്രൂട്ട് ചെയ്യുന്നവര്‍ക്ക് ഡ്രൈവര്‍മാര്‍, ഇലക്ട്രീഷ്യന്‍, അലക്കുകാരന്‍, ബാര്‍ബര്‍മാര്‍ തുടങ്ങിയ തൊഴില്‍മേഖലകളില്‍ പരിശീലനം നല്‍കുമെന്നും ഇത് അവര്‍ക്ക് ഭാവിയില്‍ ഉപകാരപ്പെടുമെന്നുമായിരുന്നു കേന്ദ്രമന്ത്രിയുടെ വാക്കുകള്‍.

Top