യുവതിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയ കേസ്, ബിജെപി നേതാവിന്റെ മകനെ കസ്റ്റഡിയില്‍ വിട്ടു

police Case

ചണ്ഡിഗഡ്: യുവതിയെ രാത്രി കാറില്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബരാലയുടെ മകന്‍ വികാസിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വികാസിനെയും സുഹൃത്തിനെയും രണ്ടു ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 365, 511 വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

വികാസിനെയും സുഹൃത്ത് ആഷിഷ് കുമാറിനെയും സെക്ടര്‍ 26 സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു തെളിവായി ലഭിച്ചിരുന്നു. മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നു ചണ്ഡിഗഡ് ഡിജിപി തേജീന്ദര്‍ സിംഗ് ലുടാര പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. വീരേന്ദര്‍ കുണ്ഡു എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ മകള്‍ വര്‍ണിക കുണ്ഡുവിനാണു ദുരനുഭവമുണ്ടായത്. സ്വകാര്യസ്ഥാപനത്തില്‍ ഡിജെ ആയി ജോലി ചെയ്യുന്ന വര്‍ണിക രാത്രി പഞ്ച്കുലയിലെ വീട്ടിലേക്കു കാറില്‍ മടങ്ങുമ്പോള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്ന വികാസും ആഷിഷും വര്‍ണികയെ അസഭ്യം പറഞ്ഞു കാര്‍ തടഞ്ഞുനിര്‍ത്തി ഡോര്‍ തുറക്കാന്‍ ശ്രമിച്ചു.

അരമണിക്കൂറോളം വര്‍ണികയെ വികാസും സുഹൃത്തും കാറില്‍ പിന്തുടര്‍ന്നു ശല്യപ്പെടുത്തി. വിവരം വര്‍ണിക പോലീസിനെ അറിയിച്ചു. പോലീസ് എത്തി വികാസിനെയും ആഷിഷിനെയും പിടികൂടുകയായിരുന്നു. ഇരുവരും ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്നു ഡോക്ടറെ വിളിച്ചുവരുത്തി വൈദ്യപരിശോധന നടത്തി. വികാസും ആഷിഷും മദ്യപിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യത്തില്‍ വിട്ടയച്ചു.

ഈ വിവരം വര്‍ണിക ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ ഹരിയാനയില്‍ ബിജെപിക്കെതിരേ പ്രതിഷേധമുയരുകയായിരുന്നു. പ്രതിപക്ഷം പാര്‍ലമെന്റില്‍ വിഷയം ഉന്നയിച്ചതോടെ കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം ഹരിയാന സര്‍ക്കാരില്‍ നിന്നു റിപ്പോര്‍ട്ട് തേടി. പ്രതികളെ സംരക്ഷിക്കില്ലെന്നു ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞുവെങ്കിലും വികാസിനെ അറസ്റ്റ് ചെയ്തിരുന്നില്ല.

അര്‍ധരാത്രി പെണ്‍കുട്ടികള്‍ വഴിയിലിറങ്ങുന്നത് എന്തിനാണെന്നും സുരക്ഷ അവരവരുടെ കൈകളില്‍ത്തന്നെയാണെന്നുമായിരുന്നു ഹരിയാന ബിജെപി ഉപാധ്യക്ഷന്‍ രാംവീര്‍ ഭാട്ടിയ ഇതേക്കുറിച്ചു പ്രതികരിച്ചത്.

Top