ഉറങ്ങിയത് മതി, സഭ കഴിയാറായി! ധനമന്ത്രിയുടെ പ്രസംഗത്തിനിടെ ബിജെപി എം.പിമാര്‍ ഉറക്കത്തില്‍

ന്യൂഡല്‍ഹി:രാജ്യസഭയില്‍ നിന്ന് രസകരമായ ചില കാഴ്ചകളും ഇടയ്ക്ക് വരാറുണ്ട്. അത്തരത്തില്‍ വന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത്.

ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ കുറിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വളരെ ശക്തമായ ഭാഷയില്‍ മറുപടി നല്‍കുകയായിരുന്നു ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. എന്നാല്‍ ഇത്രയും പ്രാധാന്യമുള്ള ഒരു വിഷയത്തെ കുറിച്ച് മന്ത്രി പ്രസംഗിക്കുമ്പോള്‍ സഭയിലിരുന്ന് ഉറങ്ങുകയായിരുന്നു ബിജെപി നേതാക്കള്‍. കേന്ദ്ര നൈപുണ്യ വികസന മന്ത്രിയായ മഹേന്ദ്ര പാണ്ഡേ അടക്കമുള്ള എം.പിമാരാണ് രാജ്യസഭയിലിരുന്ന ധനമന്ത്രിയുടെ മറുപടിക്കിടെ ഉറങ്ങിപ്പോയത്. ഇവരെ ഉണര്‍ത്താന്‍ അനുരാഗ് ടാക്കൂര്‍ ശ്രമിക്കുന്ന ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നുണ്ട്.

എന്നാല്‍ ഉറക്കം തൂങ്ങുന്ന ബിജെപി എ.പിമാരെ സഭ കഴിയാറായി എന്നു പറഞ്ഞ് പിന്നില്‍ നിന്ന് തട്ടിയാണ് ഉണര്‍ത്തിയത്. ദൃശ്യങ്ങള്‍ പുറത്ത് വന്ന് അധികം വൈകാതെ തന്നെ സമൂഹമാധ്യമങ്ങളില്‍ സംഭവം ചര്‍ച്ചയാവുകയും ചെയ്തു. സാമ്പത്തിക സ്ഥിതിയെ മാത്രമല്ല എംപിമാരെക്കൂടിയാണ് ധനമന്ത്രി ഉറക്കിയതെന്ന പ്രതികരണമടക്കമാണ് പങ്കുവച്ച ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

സ്വന്തം എംപിമാരെയടക്കം തീപ്പൊരി പ്രസംഗത്തിലൂടെ ഉറക്കിയെന്നാണ് മറ്റ് ചിലര്‍ പ്രതികരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതി പോലെ എംപിമാരും സഭയില്‍ കൂര്‍ക്കം വലിക്കുന്നുവെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല.

പരസ്പരം പഴി പറയുന്നതിന് പകരം സാമ്പത്തിക നില മെച്ചപ്പെടുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ രാജ്യസഭയില്‍ വ്യക്തമാക്കിയത്. രാജ്യത്ത് സാമ്പത്തികമാന്ദ്യമില്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞിരുന്നു.

Top