കുഴല്‍പ്പണ കേസ്: സുരേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി നേതാക്കളുടെ കത്ത്

തൃശൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ സുരേന്ദ്രനെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് ബിജെപി നേതാക്കളുടെ കത്തയച്ചു. ബിജെപിയുടെ ചെറുതും വലുതുമായ നേതാക്കളാണ് കേന്ദ്രത്തിന് കത്ത് നല്‍കിയത്. കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ ഇടപാടും ബിജെപിയെ നാണംകെടുത്തിയതായി ഇവര്‍ അരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ മാറ്റം വരണമെങ്കില്‍ നിലവിലെ നേതൃത്വം മാറണമെന്നാണ് കത്തില്‍ പറയുന്നത്. മണ്ഡലം, ജില്ലാ, സംസ്ഥാന, ദേശീയ ചുമതലയുള്ള നേതാക്കളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ ബിജെപിയെ ഒരിക്കലും ജനങ്ങള്‍ വിശ്വസിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് അറിയിച്ചു. ബിജെപിയെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത് സുരേന്ദ്രന്‍-മുരളീധരന്‍ കൂട്ടുകെട്ടാണെന്നും ഇവര്‍ ആരോപിക്കുന്നു.

മെഡിക്കല്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി പുറത്താക്കിയ വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥി വി വി രാജേഷ്, അഴിമതിയുടെ പേരില്‍ പുറത്താക്കിയ മലപ്പുറത്തെ സ്ഥാനാര്‍ഥി സേതുമാധവന്‍, മഞ്ചേരി സ്ഥാനാര്‍ഥി രശ്മില്‍ നാഥ് എന്നിവര്‍ ഉദാഹരണമാണെന്ന് കത്തില്‍ സൂചിപ്പിച്ചു.

Top