ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്ക് സംസ്ഥാന നേതാക്കളെ വിശ്വാസമില്ല: ശിവസേന

മുംബൈ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന രംഗത്തെത്തി. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നിലെത്തുമെന്ന് ശിവസേന പറഞ്ഞു. കര്‍ണാടകത്തില്‍ ഇപ്പോള്‍ ഒരുപൊടിക്കാറ്റുണ്ട്, അത് മാറിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസ് മുന്നിലെത്തും. ജനങ്ങള്‍ രാഹുലിന് ചെവികൊടുക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ശിവസേന നേതാവ് സഞ്ജയ് നിരുപം പറഞ്ഞു.

കേന്ദ്ര ഭരണസംവിധാനം ഒന്നാകെ കര്‍ണാടകത്തിലേക്ക് കേന്ദ്രീകരിച്ചതിനേയും അദ്ദേഹം വിമര്‍ശിച്ചു. എവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നോ അവിടൊക്കെ കേന്ദ്ര ഭരണസംവിധാനവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി തമ്പടിക്കും.രാജ്യവും സംസ്ഥാന ഭരണവും അവതാളത്തിലാക്കിയാണ് ഈ പ്രചാരണകോലാഹലങ്ങളെല്ലാം രാജ്യം ഇത് കാണുന്നുണ്ടെന്നും സഞ്ജയ് നിരുപം പറഞ്ഞു.

സ്വന്തം സംസ്ഥാനം പൊടിക്കാറ്റില്‍ ദുരിതം അനുഭവിക്കുമ്പോള്‍ കടമ മറന്ന് യോഗി ആദിത്യനാഥ് കര്‍ണാടകത്തില്‍ പ്രചാരണം നടത്തുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപിയുടെ കേന്ദ്രനേതാക്കള്‍ക്ക് സംസ്ഥാന നേതാക്കളെ വിശ്വാസമില്ലേയെന്നും ഡല്‍ഹിയില്‍ രാജ്യഭരണത്തില്‍ ശ്രദ്ധിക്കേണ്ട സമയത്ത് മോദി എന്തിനാണ് ഡസന്‍ കണക്കിന് റാലിക്കായി സംസ്ഥാനങ്ങളിലേക്ക് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു

Top