ഷഹീന്‍ ബാഗ് പ്രതിഷേധങ്ങളില്‍ ‘പാകിസ്ഥാന്‍’; തെരഞ്ഞെടുപ്പ് ചൂടേറ്റി ബിജെപി

ല്‍ഹി ഷഹീന്‍ ബാഗില്‍ പൗരത്വ നിയമത്തിന് എതിരായി പ്രതിഷേധിക്കുന്നവരെ രൂക്ഷമായി കടന്നാക്രമിച്ച് വരികയാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍. പ്രതിഷേധക്കാര്‍ ലൈംഗിക പീഡനവും, കൊലപാതകവും നടത്തുമെന്നതിന് പുറമെ സ്ത്രീകളെയും കുട്ടികളെയും ഇസ്ലാമിക് സ്റ്റേറ്റില്‍ എത്തിക്കുമെന്ന് വരെയാണ് ബിജെപി ആഞ്ഞടിക്കുന്നത്.

ഫെബ്രുവരി 8ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണ വിഷയങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് ബിജെപി ചെയ്യുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. പ്രാദേശിക വിഷയങ്ങളിലാണ് തെരഞ്ഞെടുപ്പ് നേരിടേണ്ടതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെജ്രിവാളിന്റെ പാര്‍ട്ടി മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ഹിന്ദുക്കളെ അവഗണിക്കുകയാണെന്ന് എഎപിയില്‍ നിന്നും ബിജെപിയില്‍ എത്തിയ കപില്‍ മിശ്ര പറയുന്നു.

ഷഹീന്‍ ബാഗില്‍ ‘പാകിസ്ഥാന്‍’ എത്തിച്ചേര്‍ന്നെന്നാണ് മിശ്ര നേരത്തെ ട്വീറ്റ് ചെയ്തത്. നിരവധി ആഴ്ചകളായി ഷഹീന്‍ ബാഗില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്. മുസ്ലീം സ്ത്രീകളാണ് പ്രധാനമായും പങ്കെടുക്കുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് ഇന്ത്യ, പാകിസ്ഥാന്‍ പോരാട്ടമാണെന്ന് പ്രഖ്യാപിച്ച കപില്‍ മിശ്രയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. രണ്ട് ദിവസത്തേക്ക് പ്രചരണത്തില്‍ വിലക്കും ഏര്‍പ്പെടുത്തി.

ഷഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ വീടുകളില്‍ കയറി പീഡനം അഴിച്ചുവിടുമെന്ന് പ്രഖ്യാപിച്ച ബിജെപി എംപി പര്‍വേഷ് വര്‍മ്മയ്ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു. ‘രാജ്യത്തെ വിശ്വാസ വഞ്ചകരെ വെടിവെയ്ക്കൂ’ എന്ന മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഡല്‍ഹിയെ സിറിയ ആക്കാന്‍ ഷഹീന്‍ ബാഗ് പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി ദേശീയ സെക്രട്ടറി തരുണ്‍ ഛഗും രംഗത്ത് വന്നിട്ടുണ്ട്.

Top