ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ചെന്ന് ആരോപണം; നൂറിലേറെ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹക്കേസ്

ചണ്ഡീഗഢ്: ഹരിയാണ ഡെപ്യൂട്ടി സ്പീക്കറും ബി.ജെ.പി നേതാവുമായ രണ്‍ബീര്‍ ഗംഗ്വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗംഗ്വയുടെ കാറിനു നേരെ ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

ജൂലായ് 11ന് സിര്‍സ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തകര്‍ത്തെന്നാരോപിച്ച് അന്നുതന്നെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്. കര്‍ഷക നേതാക്കളായ ഹര്‍ചരണ്‍ സിങ്, പ്രഹ്ളാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്.ഐ.ആറില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിനെതിരേ സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച, കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിയെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്ന് അവര്‍ ആരോപിച്ചു.

 

Top