തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകും; ഭീഷണിയുമായി ബിജെപി ജില്ലാ പ്രസിഡന്റ്

തിരുവനന്തപുരം: കൊലവിളി പ്രസംഗവുമായി ബിജെപി നേതാവ് രംഗത്ത്.

നേതാക്കളേയും പ്രവര്‍ത്തകരേയും തൊട്ടാല്‍ തിരിച്ചടിക്കുമെന്നാണ് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെ ഭീഷണി. ആ മുന്നേറ്റം തടയാന്‍ എത്ര പൊലീസുകാര്‍ക്കും കഴിയില്ലന്നും സുരേഷ് തുറന്നടിച്ചു.

ആര്‍എസ്എസിന്റെ ഒരു ജില്ലാ നേതാവിനെ ആക്രമിച്ചതിനുശേഷവും കഴിഞ്ഞ ഇരുപത് ദിവസമായി ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ആര്‍എസ്എസും ബിജെപിയും നല്‍കിയ ഔദാര്യമാണെന്ന് സുരേഷ് പറഞ്ഞു. ഔദാര്യം എന്ന് തീരുന്നുവോ അന്ന് ഞങ്ങളുടെ നേതാക്കളെയും പ്രവര്‍ത്തകരെയും തൊട്ട കരങ്ങളും തലകളും തേടിയിട്ടുള്ള മുന്നേറ്റം ഉണ്ടാകും. അതിനെ തടയാന്‍ ഡിവൈഎസ്പി എത്ര പൊലീസുകാരെ നിരത്തിയിട്ടും കാര്യമുണ്ടാകില്ല– സുരേഷ് പ്രസംഗത്തില്‍ മുന്നറിയിപ്പ് നല്‍കി.

ആര്‍എസ്എസ് നേതാവ് വിനോദിന് നേരെ നടന്ന ആക്രമണത്തിലെ പ്രതികളെ ഇതുവരെ പിടികൂടിയില്ല എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പരിപാടിയിലാണ് ഭീഷണി പ്രസംഗം. സുരേഷിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്.

വീഡിയോ കടപ്പാട് : മനോരമ ന്യൂസ്‌

Top