കഫേ കോഫിഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയെ കാണാനില്ലെന്ന് പരാതി

ബംഗളൂരു: കഫേ കോഫിഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ഥയെ കാണാനില്ലെന്ന് പരാതി. ഇന്നലെ വൈകുന്നേരം മുതലാണ് അദ്ദേഹത്തിനെ കാണാതായത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിന്റെ ഉടമസ്ഥന്‍ കൂടിയായ സിദ്ധാര്‍ഥ ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും വിദേശകാര്യ മന്ത്രിയുമായിരുന്ന എസ്എം കൃഷ്ണയുടെ മരുമകന്‍ കൂടിയാണ്.

തിങ്കളാഴ്ച ബംഗളൂരുവില്‍ നിന്ന് 375 കിലോമീറ്റര്‍ അകലെ നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിലൂടെ സഞ്ചരിക്കവേ അദ്ദേഹം കാറില്‍ നിന്ന് ഇറങ്ങി പോയിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് ഡ്രൈവര്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഡ്രൈവര്‍ വീട്ടുകാരെ അറിയിച്ചു. വീട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. പോലീസ് തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ അദ്ദേഹം ഫോണില്‍ ആരോടോ സംസാരിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞു.

എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയെയാണ് സിദ്ധാര്‍ത്ഥ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് ആണ്‍ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥ് സ്ഥാപിച്ചിട്ടുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമയുമാണ് സിദ്ധാര്‍ഥ്.

Top