പാര്‍ട്ടി ഓഫീസില്‍വെച്ച് ഭാര്യയെ മര്‍ദ്ദിച്ച് ബിജെപി നേതാവ്; അന്വേഷണം ആവശ്യപ്പെട്ട് തിവാരി

ന്യൂഡല്‍ഹി: ബിജെപി നേതാവ് ഭാര്യയെ പാര്‍ട്ടി ഓഫീസില്‍ വെച്ച് മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍. മെഹ്രാലി ബിജെപി ജില്ലാ നേതാവ് ആസാദ് സിംഗാണ് മുന്‍ മേയര്‍കൂടിയായ ഭാര്യ സരിതാ ചൗധരിയെ ഡല്‍ഹി പാര്‍ട്ടി ഓഫീസില്‍ വെച്ച് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബിജെപി മുതിര്‍ന്ന നേതാവ് പ്രകാശ് ജാവേദ്ക്കര്‍ പാര്‍ട്ടി ഓഫീസിലുള്ളപ്പോഴാണ് സംഭവം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി അവലോകന യോഗത്തിന് എത്തിയതായിരുന്നു ജാവേദ്ക്കര്‍. ഇതേ യോഗത്തിനെത്തിയതായിരുന്നു ആസാദ് സിംഗും ഭാര്യയും. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും എന്നാല്‍ പൊതുഇടത്തില്‍ വെച്ച് ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവത്തിന് ദൃക്‌സാക്ഷിയായ ഇരുവരുടേയും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

‘ഭാര്യ തന്നെ ആക്രമിക്കാന്‍ ശ്രമിച്ചു. സ്വയംരക്ഷയ്ക്ക് വേണ്ടി തടയുക മാത്രമാണ് ചെയ്തത്. ഭാര്യയില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും സംഭവത്തിന് ശേഷം ആസാദ് സിംഗ് പറഞ്ഞു.

എന്നാല്‍ സംഭവത്തില്‍ ആരുടെ ഭാഗത്ത് നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. വീഡിയൊ വൈറലായതിന് പിന്നാലെ ഡല്‍ഹി ബിജെപി പ്രസിഡന്റ് മനോജ് തിവാരി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Top