ഉത്തർപ്രദേശിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

ഫിറോസാബാദ്: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പ്രാദേശിക ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. ബി.ജെ.പി മണ്ഡലം വൈസ് പ്രസിഡന്റ് ദയാശങ്കർ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈക്കിലെത്തി​യ സം​ഘം ഗു​പ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

മാർക്കറ്റിലെ കടയടച്ച് തിരിച്ച് പോകുന്നതിനിടെയാണ് ബൈക്കിലെത്തിയ സംഘം ഗുപ്തയ്ക്ക് നേരെ വെടിയുതിർത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് കുടുംബം ആരോപിച്ചു. പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ വിവരങ്ങളും കുടുംബാംഗങ്ങൾ പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാദേശിക ബിജെപി പ്രവർത്തകനായ വിരേഷ് തോമറിനെയും അദ്ദേഹത്തിന്റെ ബന്ധുക്കളായ നരേന്ദ്ര തോമറിനെയും ദേവേന്ദ്ര തോമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വിരേഷിന്റെ പാർട്ടി പ്രവേശനത്തിൽ ദയാശങ്കർ ഗുപതയ്ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു. വിരേഷ് തോമർ അടുത്തിടെയാണ് ബി.ജെ.പിയിൽ ചേർന്നത്. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുപ്തയുടെ കൂടുംബാംഗങ്ങളും അണികളും വെള്ളിയാഴ്ച രാത്രി ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.

Top